ഐപിഎല്‍ താരലേലത്തിന് സമാപനം

0
44
India's Jaydev Unadkat celebrates the dismissal of Sri Lanka's Niroshan Dickwella during their second Twenty20 international cricket match in Indore, India, Friday, Dec. 22, 2017. (AP Photo/Rajanish Kakade)

ബംഗളൂരു: പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലത്തിന് സമാപനം. ആദ്യ ദിനത്തിലെ താരലേലത്തില്‍ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്റ്റോക്സാണ് ഏറ്റവും കൂടുതല്‍ പണം വാരിയ താരം. അതേസമയം, ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരമായത് രണ്ടാം ദിനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ വിളിച്ചെടുത്ത ജയ്ദേവ് ഉനദ്ഘടാണ്. 11.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ ഉനദ്ഘടിനെ ടീമിലെത്തിച്ചത്.

എട്ടു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ സഞ്ജു സാംസണാണ് മലയാളി താരങ്ങളിലെ വിലയേറിയ താരം. ബേസില്‍ തമ്പിയെ 95 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 40 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയ കെ.എം. ആസിഫാണ് മലയാളി താരങ്ങളില്‍ മൂന്നാമന്‍. സച്ചിന്‍ ബേബി (സണ്‍റൈസേഴ്സ് ഹൈദരാബാദ്), എം.ഡി. നിതീഷ് (മുംബൈ ഇന്ത്യന്‍സ്) എന്നിവരാണ് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മറ്റു മലയാളി താരങ്ങള്‍.

കര്‍ണാടകക്കാരനായ ഗൗതം കൃഷ്ണപ്പയാണ് രണ്ടാം ദിനം ലേലത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍. ആഭ്യന്തര സീസണില്‍ പുറത്തെടുത്ത മികവിന്റെ അടിസ്ഥാനത്തില്‍ 6.2 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ ബോളറായ കൃഷ്ണപ്പയെ സ്വന്തമാക്കി. ഷഹബാസ് നദീമിനെ 3.2 കോടി രൂപയ്ക്ക് ഡല്‍ഹിയും ടീമിലെടുത്തു.