ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

0
129

തൃശ്ശൂര്‍: ഓട്ടന്‍തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍(58) അന്തരിച്ചു. ഇരിഞ്ഞാലക്കുട അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം

തൂവല്‍കൊട്ടാരം, കമലദളം, മനസ്സിനക്കരെ, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1974ലാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ വിദ്യാര്‍ഥിയായി ചേരുന്നത്. ഒന്‍പതാംവയസ്സില്‍ തുള്ളലില്‍ അരങ്ങേറി അച്ഛന്‍ കേശവന്‍ നമ്പീശന്റെയും ജ്യേഷ്ഠന്റെയും ഒപ്പം അരങ്ങില്‍ സജീവമായതിനുശേഷമാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ എത്തുന്നത്. 1983-ല്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ അധ്യാപകനായി. കാല്‍നൂറ്റാണ്ടു കാലത്തോളം അവിടെ തുള്ളല്‍ വിഭാഗം മേധാവിയായിരുന്നു.

നീനാപ്രസാദ്, കാവ്യാമാധവന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവത്തില്‍ എല്ലാ വര്‍ഷവും ഗീതാനന്ദന്റെ ശിഷ്യരാണ് ഏറെയും എത്താറുള്ളത്. തുള്ളലിനെ ജനകീയമാക്കുന്നതിലും ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം.

കേരളസംഗീതനാടക അക്കാദമിയും കേരള കലാമണ്ഡലവും ഉള്‍പ്പെടെ മികവിന്റെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഗീതാനന്ദന്റെ മക്കളായ സനല്‍കുമാറും ശ്രീലക്ഷ്മിയും തുള്ളല്‍കലാരംഗത്തുണ്ട്. ചലച്ചിത്ര നൃത്തസംവിധായിക ശോഭനയാണ് ഭാര്യ.