കസബ വിവാദം: മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പാര്‍വതി

0
64

കസബ വിവാദത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്കും ശേഷം തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി നടി പാര്‍വതി രംഗത്ത്. കസബ വിവാദത്തില്‍ മമ്മൂട്ടി പ്രതികരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും പാര്‍വതി പറഞ്ഞു. മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ പിന്നീടത് തന്നെയോ അദ്ദേഹത്തെയോ മാത്രം ബാധിക്കുന്ന കാര്യമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി മാറിയെന്നും പാര്‍വതി വിശദീകരിച്ചു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കസബ വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ പലരും ഉപദേശിച്ചു. തനിക്കെതിരെ സിനിമയില്‍ ലോബിയുണ്ടാവുമെന്ന് പറഞ്ഞു. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് തന്റെ ലോകം. സ്വന്തം നിലയ്ക്ക് വന്ന്, കഠിനാധ്വാനവും മനോധൈര്യവും കൊണ്ട് നിലനില്‍ക്കുന്നു. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവസരങ്ങളുണ്ടാക്കാന്‍ ശ്രമിക്കും. തടസ്സങ്ങളുണ്ടായേക്കും. എന്നാലും എവിടെയും പോകില്ലെന്നും പാര്‍വതി വ്യക്തമാക്കി.