ഖത്തറിനെതിരായ ഉപരോധം: ഉപാധികളില്‍ മാറ്റമില്ലെന്ന് മറ്റു രാഷ്ട്രങ്ങള്‍

0
52

ദോഹ: ഖത്തറിനെതിരായ ഉപരോധം നീക്കാന്‍ കഴിഞ്ഞ വര്‍ഷം മുന്നോട്ടുവെച്ച 13 ഉപാധികള്‍ വീണ്ടും ഉന്നയിച്ച് അറബ് രാഷ്ട്രങ്ങള്‍. ഉപരോധം നീക്കണമെങ്കില്‍ അല്‍ ജസീറ അടച്ചുപൂട്ടുക എന്നതടക്കം തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായി ഉപരോധ നീക്കങ്ങളിലെ പ്രധാന പങ്കാളിയായ ഈജിപ്ത് അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ രാജ്യങ്ങളാണ് ഖത്തറിനെ ഉപരോധിക്കുന്ന മറ്റ് രാജ്യങ്ങള്‍.

ഏഴു മാസം മുമ്പ് നാല് രാഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഈ വര്‍ഷം പുതിയ തലങ്ങളിലേക്ക് വികസിച്ചിരുന്നു. തങ്ങളുടെ രാജ്യത്തു നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട വാണിജ്യ വിമാനത്തെ ഖത്തര്‍ വ്യോമസേന തടസ്സപ്പെടുത്തിയതായി യു.എ.ഇ ജനുവരി 15-ന് ആരോപിച്ചിരുന്നു. എന്നാല്‍ ദോഹ ഇത് നിഷേധിക്കുകയാണുണ്ടായത്.

നേരത്തെ, യു.എ.ഇയുടെ യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ വ്യോമ പരിധി ലംഘിക്കുന്നതായി ഖത്തര്‍ യു.എന്നിനയച്ച കത്തില്‍ ആരോപിച്ചിരുന്നു.