ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; മല്‍സരിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള, കുമ്മനത്തിന് സാധ്യത

0
65

ആലപ്പുഴ: കെ.കെ. രാമചന്ദ്രന്‍ നായരുടെ വിയോഗത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ബിജെപി നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയെയാണ് മണ്ഡലത്തിലേക്ക് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍, ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള ബിജെപി നേതൃത്വത്തെ അറിയിച്ചു. മികവും ജനസ്വാധീനവുമുള്ള സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തുമെന്നും 2016ലെ മാതൃക പിന്തുടര്‍ന്നാല്‍ ബിജെപിക്കു ജയിക്കാമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയാണ് ശ്രീധരന്‍പിള്ളയ്ക്ക് പകരം പരിഗണിക്കുന്നത്. മികച്ച പ്രതിച്ഛായയും മണ്ഡലത്തിലെ ബന്ധങ്ങളും കുമ്മനത്തിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുമെന്നാണു വ്യക്തമാകുന്നത്. എന്നാല്‍ ബിജെപി യുമായി പഴയ പോലെ സുഖകരമായ ബന്ധത്തിലല്ല സഖ്യകക്ഷിയായ ബിഡിജെഎസ്. 2016ല്‍ ശക്തമായ ത്രികോണ മത്സരം നടന്നതാണിവിടെ. ബിജെപിയുടെ മികച്ച പ്രകടനമായിരുന്നു ഫലത്തെ സ്വാധീനിച്ചത്.

2011ല്‍ 51% വോട്ട് നേടി യുഡിഎഫ് ജയിച്ചപ്പോള്‍ 42% വോട്ട് നേടിയ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തും നാലു ശതമാനം മാത്രം വോട്ട് നേടിയ ബിജെപി മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നാല്‍, മൂന്നു മുന്നണികളും വോട്ട് പങ്കുവച്ച 2016ല്‍ 36% വോട്ട് നേടിയ എല്‍ഡിഎഫ് വിജയിക്കുകയും യുഡിഎഫ് 30% വോട്ട് നേടുകയും ചെയ്തു. ബിജെപിയുടെ വോട്ട് നാലു ശതമാനത്തില്‍നിന്ന് 29 ശതമാനമായി ഉയരുകയായിരുന്നു. മോദി തരംഗത്തില്‍ ബിജെപി നടത്തിയ ആ പ്രകടനം ആവര്‍ത്തിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.