‘ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ, എക്കാലവും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കും’; ഷാനി പ്രഭാകരനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് എം. സ്വരാജ്

0
307


തിരുവനന്തപുരം: മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരന്‍ തന്നോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം വിവാദമായ സംഭവത്തില്‍ പ്രതികരണവുമായി എം. സ്വരാജ് എംഎല്‍എ. താനും ഭാര്യയും ഒന്നിച്ച് താമസിക്കുന്ന ഫ്‌ളാറ്റിലാണ് തങ്ങളുടെ നിരവധി സുഹൃത്തുക്കള്‍ വരാറുള്ളത്. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനമോ മറ്റ് അര്‍ത്ഥങ്ങളോ കല്‍പിക്കുന്നതെന്തിനാണെന്ന് എം. സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഷാനി പല സന്ദര്‍ശകരില്‍ ഒരാളല്ല. എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവര്‍ത്തകയുമാവുന്നതിന് മുമ്പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവര്‍ത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയിലും ഉലയാത്ത സൗഹൃദം.
പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങള്‍. ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഈ സൗഹൃദത്തെ. എക്കാലവും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കും.’ സ്വരാജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നു കരുതിയതാണെങ്കിലും സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോള്‍ സൂചിപ്പിച്ചതാണെന്നും സ്വരാജ് വ്യക്തമാക്കി.

എം. സ്വരാജ് എംഎല്‍എയും താനും ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം അപവാദ പ്രചരണത്തിന് ഉപയോഗിച്ചു എന്ന് കാണിച്ച് ഷാനി പ്രഭാകര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരുമിച്ച് ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നുവെന്ന് അവര്‍ പരാതിയില്‍ ഉന്നയിക്കുന്നു. അപവാദ പ്രചരണത്തിന് ഉപയോഗിക്കുന്ന ലിങ്കുകളും പോസ്റ്റുകളും ഷാനി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കൈമാറിയിട്ടുണ്ട്.