ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; തയ്യാറെടുത്ത് മുന്നണികള്‍

0
57

അഗര്‍ത്തല: ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുത്ത്‌ ത്രിപുര. തിരഞ്ഞെടുപ്പ് അടുത്തത്തോടെ വാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ത്രിപുരയില്‍ മുന്നണികള്‍. സിപിഎം നയിക്കുന്ന ഇടതുമുന്നണി ഭരണത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ പൊറുതിമുട്ടിയതായി ബിജെപി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ബിജെപി പരാജയപ്പെടുത്തുമെന്നും ബിജെപി നേതാവും നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ (എന്‍ഇഡിഎ) ചെയര്‍മാനുമായ ഹിമാന്ദ ബിശ്വ ശര്‍മ അവകാശപ്പെട്ടു. ഇടതുമുന്നണി സര്‍ക്കാരിന്റെ ചരിത്രം ചുവരുകളില്‍ എഴുതപ്പെട്ടു കഴിഞ്ഞുവെന്നും ദുര്‍ഭരണവും അഴിമതിയും കാരണം ത്രിപുരയിലെ ജനങ്ങളുടെ ജീവിതം തന്നെ താറുമാറായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പാവങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്ന വികസന പദ്ധതികളുടെ പേരില്‍ ഇടതുമുന്നണി സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് സിപിഎം നേതാവ് ബിജന്‍ ധര്‍ തിരിച്ചടിച്ചു. തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് ബിജെപി ത്രിപുരയില്‍ മല്‍സരിക്കുന്നതെന്നും സിപിഎം ആരോപിച്ചു. ത്രിപുര സ്വദേശീയ ജനമുന്നണി (ഐപിഎഫ്ടി) എന്ന തീവ്രസംഘടനയുമായി ചേര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മല്‍സരിക്കാനൊരുങ്ങുന്നത്. ഗോത്രവിഭാഗങ്ങള്‍ക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുന്നയിക്കുന്ന സംഘടനയാണ് ഐപിഎഫ്ടി.

60 മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ 51 ഇടങ്ങളില്‍ മല്‍സരിക്കുക ബിജെപി സ്ഥാനാര്‍ഥികളാണ്. ഒന്‍പതു സീറ്റുകളില്‍ ഐപിഎഫ്ടിയും ജനവിധി തേടുന്നുണ്ട്. 51 എംഎല്‍എമാരാണു ത്രിപുര നിയമസഭയില്‍ ഇടതുമുന്നണിക്കു നിലവിലുള്ളത്. ബിജെപിക്ക് ഏഴും കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളുണ്ട്. ഫെബ്രുവരി 18-നാണ് ത്രിപുരയില്‍ വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.