പത്മ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

0
50


ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുതരത്തിലുമുള്ള ശുപാര്‍ശകളും ഇല്ലാതെയാണ് അവാര്‍ഡുകള്‍ നേടിയതെന്ന് അവാര്‍ഡ് ജേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു. നാട്ടു വൈദ്യത്തില്‍ വിദഗ്ധയായ മലയാളി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പത്മ പുരസ്‌കാരം ലഭിച്ചതും മോദി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
നാം കണ്ണുതുറന്ന് നമ്മുടെ ചുറ്റുപാടുകളിലേയ്ക്ക് നോക്കിയാല്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്ന നിരവധി പേരെ കാണാം. ഒരു വിധത്തിലുള്ള ശുപാര്‍ശകളും ഇല്ലാതെ ഉയരങ്ങളിലെത്തിയവരാണ് അവരെല്ലാം എന്നത് അഭിമാനകരമായ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ പത്മ പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. പുരസ്‌ക്കാരത്തിനായി ഇപ്പോള്‍ ആര്‍ക്കും ആരെയും നിര്‍ദ്ദേശിക്കാമെന്നും ജേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ ഇപ്പോള്‍ സുതാര്യത വന്നതായും അദ്ദേഹം പറഞ്ഞു. മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരും പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരുമല്ലാത്ത സാധാരണക്കാരായ നിരവധി പേര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നു. അവരുടെ പ്രശസ്തിയല്ല, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം- മോദി പറഞ്ഞു.

നാട്ടുവൈദ്യത്തില്‍ വിദഗ്ധയായ മലയാളി ലക്ഷ്മിക്കുട്ടി അടക്കമുള്ള സാധാരണക്കാരായ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ എടുത്തു പറയാനും പ്രധാനമന്ത്രി മറന്നില്ല. വനമേഖലയിലെ ഒരു കുടിലില്‍ ജീവിക്കുന്ന ലക്ഷ്മിക്കുട്ടി എന്ന സ്ത്രീ 500ലേറെ നാട്ടു മരുന്നുകള്‍ തന്റെ ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചികിത്സ നടത്തുകയും ചെയ്യുന്നു. അവര്‍ക്കും ഇത്തവണ പത്മശ്രീ പുരസ്‌കാരം ലഭിച്ചതായി മോദി ചൂണ്ടിക്കാട്ടി.