പുതുച്ചേരി വാഹന റജിസ്‌ട്രേഷന്‍; അമലാ പോളിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് ക്രൈംബ്രാഞ്ച്

0
45

തിരുവനന്തപുരം: പുതുച്ചേരി വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ നടി അമല പോളിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. പുതുച്ചേരിയില്‍ വാടക വീടുണ്ടെന്ന മൊഴി ആവര്‍ത്തിച്ചെങ്കിലും നടി രേഖകളൊന്നും ഹാജരാക്കിയില്ല. ഇതോടെ അമലാ പോളിന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് സംഘം.

പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ ആഡംബരക്കാര്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിച്ചതിനാണ് അമല പോളിനെതിരെ കേസെടുത്തിരിക്കുന്നത്. 15ന് അമലയെ തിരുവനന്തപുരത്തു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്ന് അമലയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ പത്തു ദിവസത്തിനുള്ളില്‍ അന്വേഷണസംഘത്തിന് മുന്നില്‍ വീണ്ടും ഹാജരാകണമെന്നു നിര്‍ദേശിച്ചു. ഇതുപ്രകാരമാണ് കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ അമല പോളെത്തിയതും എസ്.പി. എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലെ സംഘം വീണ്ടും മൊഴി രേഖപ്പെടുത്തി വിട്ടയച്ചതും.