ഭല്ലാല്‍ദേവന്‍ മലയാളത്തിലേക്ക്; മാര്‍ത്താണ്ഡ വര്‍മ്മയാകാനൊരുങ്ങി റാണാ ദഗുപതി

0
49

തിരുവനന്തപുരം: ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രം കണ്ടിറങ്ങിയ ആരും തന്നെ ഭല്ലാല്‍ദേവനെ പെട്ടെന്ന് മറക്കില്ല. ഇടഞ്ഞു നില്‍ക്കുന്ന കാളക്കൂറ്റനെയും ആനയെയും കായികശേഷികൊണ്ട് എതിരിടുന്ന ഭല്ലാല്‍ദേവന്‍ അതിശയോക്തിയോ അവിശ്വസനീയതയോ ഉണ്ടാക്കിയില്ല. അത്ര തന്‍മയത്വത്തോടെ, കൈയടക്കത്തോടെ വില്ലന്‍ വേഷം റാണ ദഗുപതി അവിസ്മരണീയമാക്കി. മഹിഷ്മതി സാമ്രാജ്യത്തെ അടക്കിഭരിച്ച് ബാഹുബലിയെ ബുദ്ധികൂര്‍മത കൊണ്ട് കീഴ്പ്പെടുത്തിയ ആ ഭല്ലാല്‍ ദേവന്‍ മലയാളസിനിമയിലേക്കും എത്തുകയാണ്.

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയില്‍ പ്രതിനായക കഥാപാത്രത്തെ പ്രകടനം കൊണ്ട് ശ്രദ്ധേയമാക്കിയ റാണ ദഗുപതി ഇപ്പോള്‍ മലയാളത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ്. കെ. മധു സംവിധാനം നിര്‍വഹിക്കുന്ന ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദ കിംഗ് ഓഫ് ട്രാവന്‍കൂര്‍’ എന്ന ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മയായാണ് റാണയെത്തുന്നത്. ചിത്രത്തിന്റെ പശ്ചാത്തലചരിത്രം മനസിലാക്കുന്നതിനായി റാണ പത്മനാഭക്ഷേത്രം സന്ദര്‍ശിച്ചു.

പദ്മനാഭ ദാസന്‍മാരായ തിരുവതാംകൂര്‍ രാജാക്കന്‍മാരുടെ ചരിത്രവും രാജനഗരിയും ഒക്കെ നേരിട്ടു മനസിലാക്കാനാണ് റാണ തിരുവനന്തപുരത്തെത്തിയത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലും കവടിയാര്‍ കൊട്ടാരത്തിലും സന്ദര്‍ശനം നടത്തിയ റാണ മലയാളത്തിലേക്കെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചു.
എട്ട് വര്‍ഷം നീണ്ട റിസര്‍ച്ചിലൂടെ റോബിന്‍ തിരുമലയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമേ റസൂല്‍ പൂക്കുട്ടി, കീരവാണി തുടങ്ങിയ നിരവധി അണിയറപ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമാകും. രണ്ടു ഭാഗങ്ങളായി നാല് ഭാഷകളിലാകും ചിത്രം പ്രദര്‍ശനത്തിനെത്തുക.