മന്ത്രിസ്ഥാനത്തേക്കുള്ള എ.കെ ശശീന്ദ്രന്റെ തിരിച്ചുവരവില്‍ പ്രഖ്യാപനം നാളെ

0
39

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ മന്ത്രിസഭാപ്രവേശന തീരുമാനത്തെക്കുറിച്ച് നാളെ പ്രഖ്യാപനമുണ്ടാകും. നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ തീരുമാനം. എല്‍ഡിഎഫിനുള്ളില്‍ എതിരഭിപ്രായങ്ങള്‍ ഇല്ലെങ്കിലും തീരുമാനം നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപിയ്ക്കുള്ളില്‍ അണിയറനീക്കം ശക്തമാണ്. ഫോണ്‍കെണിയില്‍ കുടുങ്ങി എ.കെ ശശീന്ദ്രന് പുറമെ ഭൂവിവാദത്തില്‍ തോമസ് ചാണ്ടിക്കു കൂടി മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നതോടെ ആദ്യം കുറ്റവിമക്തനാകുന്നതാരോ അവര്‍ക്ക് മന്ത്രിസ്ഥാനം എന്ന കരാറാണ് എന്‍സിപി മുന്നോട്ട് വെച്ചത്. എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കികൊണ്ട് കോടതി വിധി വന്നതോടെ ദീര്‍ഘനാളായി തുടര്‍ന്ന ആ പ്രതിസന്ധിയ്ക്ക് പര്യവസാനമാവുകയാണ്.

നിയമസഭാ സമ്മേളനത്തിന് ശേഷം ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേയ്ക്ക് തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എല്‍ഡിഎഫിനുള്ളില്‍ പല വിഷയങ്ങളിലും ഭിന്നഭിപ്രായമുള്ള സിപിഐയ്ക്ക് പോലും ശശീന്ദ്രനോട് വിയോജിപ്പില്ല. തേജോവധം ചെയ്യാന്‍ ബോധപൂര്‍വം തയാറാക്കിയ കെണിയില്‍ ശശീന്ദ്രനെ വീഴ്ത്തിയതാണെന്ന അഭിപ്രായമാണ് എല്‍ഡിഎഫിനുള്ളത്.

അതോടൊപ്പം ആരോപണം വന്ന് ഒരു മണിക്കൂറിനുള്ളില്‍ രാജി സമര്‍പ്പിച്ചതും ശശീന്ദ്രന് അഭിപ്രായ ഐക്യമുണ്ടാകാന്‍ ഇടയാക്കി. തന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് പാര്‍ട്ടിയും മുന്നണിയും എടുക്കുന്ന നിലപാട് അംഗീകരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്. എന്നാല്‍ സാഹചര്യങ്ങളെല്ലാം അനുകൂലമായ എ.കെ ശശീന്ദ്രന് അഭിമുഖീകരിക്കേണ്ട വെല്ലുവിളി പാര്‍ട്ടിക്കുള്ളില്‍ നിന്നു മാത്രമായിരിക്കും. അന്തരിച്ച ഉഴവൂര്‍ വിജയനോട് അനുഭാവം പുലര്‍ത്തിയ നേതാക്കളെയാകെ വെട്ടിനിരത്തിയ തോമസ് ചാണ്ടി വിഭാഗത്തിന്റെ പൂര്‍ണപിന്തുണയോടെ തിരിച്ചുവരവ് പ്രതീക്ഷിക്കാന്‍ കഴിയില്ല.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ശശീന്ദ്രനെതിരെ കേസെടുക്കാതെ ഫോണ്‍കെണിക്ക് കളമൊരുക്കിയവരെ കുടുക്കുകയാണുണ്ടായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പി.എസ് ആന്റണി കമ്മീഷനും ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. എന്നാല്‍ കോടതിയില്‍ നിലനിന്ന കേസില്‍ നിന്നും രക്ഷപെടാതിരിക്കാന്‍ നടന്ന നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗത്തിന്റെ ഗൂഢാലോചനകളാണെന്ന സംശയം ശശീന്ദ്രനോടൊപ്പം നില്‍ക്കുന്നവര്‍ക്കുണ്ട്. പരാതി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരി തയ്യാറായിട്ടും അത് തടയാനുള്ള നീക്കങ്ങള്‍ സജീവമായി നടന്നു. കേസ് ഒത്തുതീര്‍പ്പാക്കരുതെന്നാവശ്യപ്പെട്ട് മൂന്നുവട്ടമാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി എത്തിയത്. ഇന്നലെ ഹര്‍ജി തള്ളിക്കളയുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും നാടകീയമായി സ്വകാര്യ അന്യായമെത്തി.
വിധി പറയുന്നത് മാറ്റി വെയ്ക്കണമെന്നതായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. എന്നാല്‍ ഹര്‍ജി നല്‍കിയ പരാതിക്കാരിയുടെ വിലാസം പോലും വ്യാജമായാണ് നല്‍കിയിരുന്നത്. കേസ് നീണ്ടു പോകണമെന്ന് ആഗ്രഹിച്ചവര്‍ തന്നെയാണ് അത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍.