റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്ക് നേരെ കല്ലേറ്; സംഘര്‍ഷത്തില്‍ ഒരു മരണം

0
62

ലക്‌നൗ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്കുനേരെ കല്ലേറു നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ ഒരു മരണം. ഇന്നലത്തെ സംഘര്‍ഷത്തില്‍ മൂന്നു കടകളും രണ്ട് സ്വകാര്യ ബസുകളും ഒരു കാറും തകര്‍ന്നു. പെട്രോള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ തീയിടാനും ശ്രമം നടന്നു. അതിനിടെ, സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് ഒഴിവാക്കാന്‍ പടിഞ്ഞാറന്‍ യുപിയില്‍ ഞായറാഴ്ച രാത്രി 10 മണിവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

പ്രദേശത്തെ മുസ്ലിം പള്ളിയുടെ ഗേറ്റ് തകര്‍ക്കാന്‍ ചില സാമൂഹിക വിരുദ്ധര്‍ ശ്രമിച്ചതായും അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അനന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ യെ അറിയിച്ചു. എന്നാല്‍ പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ രണ്ടുകേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒന്‍പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ അറിയിച്ചു. നാല്‍പ്പതോളം പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വന്ദേമാതരം’, ‘ഭാരത് മാതാ കി ജയ്’ വിളികളുമായി ത്രിവര്‍ണ പതാകയേന്തി ബൈക്ക് റാലി നടത്തിയ വിഎച്ച്പി, എബിവിപി സംഘത്തിനുനേരെ കല്ലേറുണ്ടാവുകയായിരുന്നുവെന്നു പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബദ്ദുനഗറിലെത്തിയപ്പോള്‍ ചിലര്‍ കല്ലേറു നടത്തുകയും തീയിടുകയുമായിരുന്നു.