റെയില്‍വെയുടെ കണ്‍സെഷന്‍ ഫോമില്‍ വികലാംഗന്‍ എന്ന വാക്കിന് പകരം ഇനി ‘ദിവ്യാംഗ്’

0
41

ന്യൂഡല്‍ഹി: റെയില്‍വെയുടെ കണ്‍സെഷന്‍ ഫോമില്‍ വികലാംഗന്‍ എന്ന വാക്കിന് പകരം ഇനി ‘ദിവ്യാംഗ്’. രണ്ടുവര്‍ഷം മുന്‍പാണ് ശാരീരിക വെല്ലുവിളി നേരിടുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോഡി ദിവ്യാംഗ് എന്ന വാക്ക് ഉപയോഗിക്കുന്നത്. ദൈവത്തിന്റെ ശരീരം എന്ന അര്‍ത്ഥം വരുന്ന ഈ വാക്കാണ് ഇപ്പോള്‍ റെയില്‍വെ വികലാംഗരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ശാരീരിക വൈകില്യങ്ങള്‍ നേരിടുന്നവരെ അഭിസംബോധന ചെയ്യുന്ന മറ്റ് പ്രയോഗങ്ങളിലും റെയില്‍വെ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അന്ധന്‍ എന്ന വാക്കിന് പകരം കാഴ്ചഹാനി സംഭവിച്ചയാള്‍ എന്നായിരിക്കും അറിയപ്പെടുക. മാത്രമല്ല,ശാരീരിക വെല്ലുവിളി നേരിടുന്നവരെ ദിവ്യാംഗജന്‍ എന്നായിരിക്കും റെയില്‍വെയില്‍ പ്രയോഗിക്കുക. ബധിര-മൂകന്‍ എന്ന വാക്കിന് പകരം സംസാരത്തിനും കേള്‍വിക്കും ഹാനി സംഭവിച്ചയാള്‍ എന്നായിരിക്കും സൂചിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
കണ്‍സഷന്‍ അപേക്ഷകളിലും സര്‍ട്ടിഫിക്കറ്റുകളിലും ഇനിമുതല്‍ ദിവ്യാംഗ്, ദിവ്യാംഗജന്‍ എന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വെയില്‍ യാത്രക്കാര്‍ക്ക് 53 ഇനങ്ങളിലാണ് ഇളവ് അനുവദിക്കുന്നത്. മുതിര്‍ന്ന പൗരന്‍, ദിവ്യാംഗ് , വിദ്യാര്‍ത്ഥികള്‍, സൈനികന്‍ തുടങ്ങിയവര്‍ക്കാണ് ഇളവുകള്‍ ലഭ്യമാകുന്നത്.