വിക്രമശില;ഒരു പുരാതന-ആധുനിക സര്‍വകലാശാല

0
191
വിക്രമശില സര്‍വകലാശാലയുടെ ശേഷിപ്പുകള്‍

ഋഷിദാസ്

നളന്ദ സര്‍വകലാശാലയുടെയും, തക്ഷശില സര്‍വകലാശാലയുടെയും പേര് വളരെ പ്രസിദ്ധമാണ്. പക്ഷെ നളന്ദയും തക്ഷശിലയും കൂടാതെ മറ്റു പല ബൃഹത് സര്‍വകലാശാലകളും പ്രാചീനമധ്യകാല ഭാരതത്തില്‍ നിലനിന്നിരുന്നു. വിക്രമശില സര്‍വകലാശാല, സോമപുര സര്‍വകലാശാല, ടെല്‍ഹാര സര്‍വകലാശാല തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.

എട്ടാം ശതകത്തില്‍ പാല രാജവംശമാണ് വിക്രമശില സര്‍വകലാശാല സ്ഥാപിക്കുന്നത്. ഇപ്പോള്‍ ഇതിന്റെ സ്ഥാനം ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയാണ്. പാല രാജവംശത്തിലെ ധര്‍മപാല രാജാവാണ് ഈ സര്‍വകലാശാല സ്ഥാപിതമാക്കിയത്. ഒരു പക്ഷേ ബുദ്ധ ധര്‍മം പ്രധാന വിഷയമായിരുന്ന, ലോകത്തിലെ ഏറ്റവും വലിയ സര്‍വകലാശാലകളില്‍ ഒന്നാണ് വിക്രമശില സര്‍വകലാശാല. ഇരുനൂറിലധികം പണ്ഡിതന്മാരും ആയിരത്തിലധികം വിദ്യാര്‍ത്ഥികളും നാല് നൂറ്റാണ്ടുകാലം ഇവിടെ അധ്യാപകരും പഠിതാക്കളും ആയി ഉണ്ടായിരുന്നു. ആയിരം കൊല്ലം മുന്‍പാണ് ഈ വിദ്യാപീഠം അതിന്റെ ഏറ്റവും പ്രൗഢമായ കാലത്ത് എത്തിയത് എന്ന് കരുതപ്പെടുന്നു.

വിക്രമശിലയിലെ പുരാവസ്തു പര്യവേക്ഷണം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇത് വരെ കണ്ടെത്തപ്പെട്ട ഏറ്റവും വലിയ കെട്ടിടം ചുടുകട്ട കൊണ്ട് നിര്‍മിച്ച ഒരു വലിയ ചതുരരൂപത്തിലുള്ള ഒരു നിര്‍മിതിയാണ്. അതിവിപുലമായ ഒരു ലൈബ്രറിയും ഇതിനോടനുബന്ധിച്ച് ഉണ്ടായിരുന്നു. ഈ ലൈബ്രറിയുടെ ചുമരുകള്‍ തണുത്ത വെള്ളം കടത്തിവിട്ട് ശീതികരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന അനുമാനത്തിന് പ്രസക്തിയുണ്ട്.

സര്‍വകലാശാലയുടെ പ്രധാന സ്തൂപം

ആധുനിക സര്‍വകലാശാലകളെപ്പോലെ വ്യക്തമായ ഒരു അധ്യാപകശ്രേണി വിക്രമശില സര്‍വകലാശാലക്ക് ഉണ്ടായിരുന്നു എന്നാണ് പില്‍ക്കാല പഠനങ്ങള്‍ വെളിവാക്കുന്നത്. താഴെ പറയുന്ന രീതിയിലായിരുന്നു വിക്രമശില സര്‍വകലാശാലയിലെ ”കേഡര്‍” ഘടന

”അധ്യക്ഷ ”-വൈസ് ചാന്‍സലര്‍ പദവി

”ദ്വാരപാല ”-വകുപ്പ് മേധാവി പദവി

”മഹാ പണ്ഡിത ”-പ്രൊഫസ്സര്‍ പദവി

”പണ്ഡിത ”-മറ്റു പ്രൊഫസ്സര്‍ വിഭാഗങ്ങള്‍

“ആചാര്യ” -മറ്റധ്യാപകര്‍

“ഭിക്ഷു” -വിദ്യാര്‍ത്ഥി

പ്രൗഢിയുടെ കാലത്ത് വിക്രമശിലയില്‍ ആയിരത്തിലധികം ഭിക്ഷുക്കളും ഇരുനൂറിലധികം അധ്യാപകരും ഉണ്ടായിരുന്നതായാണ് അനുമാനം.

ടിബറ്റില്‍ നിന്നുള്ള ധാരാളം അധ്യാപകരും വിദ്യാര്‍ത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ടിബറ്റന്‍ പണ്ഡിതനായ റിന്‍ചെന്‍ സാങ്പോ സംസ്‌കൃതത്തിലെഴുതിയ ബൗദ്ധ ഗ്രന്ഥങ്ങള്‍ ടിബറ്റന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് വിക്രമശിലയില്‍ വച്ചായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു.

വിക്രമശിലയിലെ ദേവതാരൂപങ്ങള്‍

പതിമൂന്നാം ശതകത്തിന്റെ ആദ്യം കുത്തബുദ്ദീന്‍ അയ്‌ബെക്കിന്റെ സേനാനായകനായിരുന്ന ഭക്തിയാര്‍ ഖില്‍ജി ഈ പ്രദേശം ആക്രമിക്കുകയും നളന്ദയും, വിക്രമശിലയും ഉള്‍പ്പെടെയുള്ള വിദ്യാപീഠങ്ങളെ തകര്‍ക്കുകയും ചെയ്തു. ഖില്‍ജി ഈ സര്‍വകലാശാലകളിലെ ഗ്രന്ഥങ്ങളെ തീയിടുകയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വധിക്കുകയും ചെയ്തു. നാല് നൂറ്റാണ്ടു നിലനിന്ന ഒരു മഹത് സര്‍വകലാശാല അങ്ങനെ നിഷ്‌കരുണം നശിപ്പിക്കപ്പെട്ടു.

വളരെക്കാലമായി അവഗണിക്കപ്പെട്ടു കിടന്ന വിക്രമശില സര്‍വകലാശാലയുടെ ശേഷിപ്പുകള്‍ ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നുണ്ട്.