ശമ്പളത്തിലെ ആണ്‍പെണ്‍ വേര്‍തിരിവില്‍ പ്രതിഷേധിച്ച വനിതാ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ബിബിസിയിലെ പുരുഷ അവതാരകര്‍

0
58

ലണ്ടന്‍: ശമ്പളത്തിലെ ആണ്‍പെണ്‍ വേര്‍തിരിവില്‍ പ്രതിഷേധിച്ച് ബിബിസി മാധ്യമപ്രവര്‍ത്തക രാജി വെച്ച സംഭവത്തിന് പിന്തുണയുമായി പുരുഷ വാര്‍ത്താ അവതാരകര്‍. തങ്ങള്‍ക്ക് സ്ത്രീകളെക്കാള്‍ ഉയര്‍ന്ന ശമ്പളം വേണ്ടെന്ന് നിലപാട് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ആറ് പുരുഷ വാര്‍ത്താ അവതാരകര്‍ രംഗത്തെത്തിയത്.
ഒരേ ജോലിയായിരുന്നിട്ടും തന്റെ അതേ സ്ഥാനം വഹിക്കുന്ന മറ്റ് പുരുഷ ജീവനക്കാര്‍ക്ക് തന്നെക്കാളധികം ശമ്പളം നല്‍കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ചാണ് ബിബിസി ചൈന ന്യൂസ് എഡിറ്റര്‍ കാരി ഗ്രേസി രാജി വെച്ചത്. ഇതേത്തുടര്‍ന്നാണ് തങ്ങളുടെ ശമ്പളം കുറയ്ക്കാന്‍ തയ്യാറാണെന്ന് പുരുഷ മാധ്യമപ്രവര്‍ത്തകര്‍ കമ്പനിയെ അറിയിച്ചത്.

1.2കോടി രൂപ വാര്‍ഷിക വരുമാനമുണ്ടായിരുന്ന കാരി ഗ്രേസി തന്റെ അതേ സ്ഥാനം വഹിക്കുന്ന നോര്‍ത്ത് അമേരിക്ക എഡിറ്റര്‍ ജോണ്‍ സോപാല്‍, ജെറമി ബോവന്‍ എന്നിവര്‍ക്ക് തന്നെക്കാള്‍ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി വെച്ചത്. ശമ്പളം നല്‍കുന്നതിലെ ആണ്‍പെണ്‍ വേര്‍തിരിവ് ചൂണ്ടിക്കാട്ടി കാരി ഗ്രേസ് രാജി വെച്ചതിനു പിന്നാലെയാണ് പുരുഷ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ ശമ്പളം കുറയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പിന്തുണ പ്രഖ്യാപിച്ചത്.
ബിബിസി റേഡിയോയുടെ പ്രഭാത വാര്‍ത്താ പരിപാടിയുടെ അവതാരകന്‍ ജോണ്‍ ഹംപ്രിസിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷം പൗണ്ടാണ്. 5.40കോടി രൂപ. ഇത് 1.8 കോടി രൂപയായി കുറയ്ക്കാന്‍ തയ്യാറാണെന്ന് ജോണ്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ശമ്പള വിവേചനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ വനിതാ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പുരുഷ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചത്.
ജോണ്‍ ഹംപ്രിസിന് പുറമേ നിക്ക് റോബിന്‍സണ്‍, ഹു എഡ്വേര്‍ഡ്സ്, നിക്കി കാംപെല്‍, ജെറമി വൈന്‍, ജോണ്‍ സോപല്‍ എന്നിവരാണ് വനിതാ സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശമ്പളം കുറയ്ക്കാന്‍ തയ്യാറായത്