സൗദി ടൂറിസ്റ്റ് വിസ വിശദാംശങ്ങള്‍ മാര്‍ച്ച് അവസാനത്തില്‍ പ്രഖ്യാപിക്കുമെന്ന് സൗദി കമ്മീഷന്‍

0
70

റിയാദ്: സൗദി ടൂറിസ്റ്റ് വിസ വിശദാംശങ്ങള്‍ മാര്‍ച്ച് അവസാനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് അറിയിച്ചു. ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ശരിയല്ല. അന്തിമമായി തീരുമാനത്തിലെത്താത്ത ആലോചനകളെയും ചര്‍ച്ചകളെയും ഭാഗികമായി അവലംബിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത് തുടങ്ങുന്നതിന് ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുമായി പൂര്‍ണ തോതില്‍ ഏകോപനം നടത്തി ഒരുക്കങ്ങള്‍ നടന്നുവരികയാണ്.

ടൂറിസ്റ്റ് വിസ നിയമാവലി തയാറാക്കുന്നതിന് കമ്മീഷനെയും ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളെയും ഉള്‍പ്പെടുത്തി ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. വിസ നിയമവും വിസയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഈ വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തില്‍ പ്രഖ്യാപിക്കും. ഇവ കമ്മീഷന്‍ വെബ്‌സൈറ്റിലും ഔദ്യോഗിക ഗസറ്റിലും പരസ്യപ്പെടുത്തും. ആദ്യ ഘട്ടത്തില്‍ അംഗീകാരമുള്ള ഓപ്പറേറ്റര്‍മാര്‍ വഴി ടൂറിസ്റ്റുകള്‍ക്ക് ഇ-വിസ അനുവദിക്കുമെന്നും കമ്മീഷൻ പറഞ്ഞു.

വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നിയോം പദ്ധതി, ഖിദ്‌യ പദ്ധതി അടക്കമുള്ള മറ്റേതാനും വന്‍കിട പദ്ധതികളും സഊദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ 26,500 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്ത് നടപ്പാക്കുന്ന നിയോം പദ്ധതിയില്‍ 50,000 കോടി ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.