ആ മനുഷ്യനെ കാത്തിരിക്കുന്നവരെ കുറിച്ചാണ് ചിന്തിച്ചതെന്ന് രക്ഷകയായ രഞ്ജിനി

0
49

കൊച്ചി: എറണാകുളത്ത് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റയാളെ രക്ഷിക്കാനെത്തിയ വീട്ടമ്മ കൊച്ചി സ്വദേശിനിയും അഭിഭാഷകയുമായ രഞ്ജിനി രാമാനന്ദാണ്. സംഭവത്തില്‍ രഞ്ജിനിക്ക് അഭിനന്ദനവുമായി നടന്‍ ജയസൂര്യ രംഗത്തെത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ സജി കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വൈകിട്ട് മകള്‍ക്കൊപ്പം വീടിനുടുത്തുള്ള പത്മ ജംക്ഷനിലിറങ്ങിയതായിരുന്നു രഞ്ജിനി. അപ്പോഴായിരുന്നു കണ്‍മുന്നിലേക്ക് ഒരു മനുഷ്യന്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ അയാള്‍ക്ക് ജീവമനുണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകുന്നില്ല. കാഴ്ചക്കാരായ ആള്‍ക്കൂട്ടത്തോട് അയാളെ ആശുപത്രിയിലെത്തിക്കാന്‍ രഞ്ജിനി പലതവണ പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അവര്‍ തന്നെ മുന്‍കൈയ്യെടുത്തു.

പരിക്കേറ്റ് ചോരവാര്‍ന്ന് കിടക്കുന്ന അയാളെ കണ്ടപ്പോള്‍ ആ മനുഷ്യനെ കാത്തിരിക്കുന്നവരെക്കുറിച്ചാണ് താന്‍ ആദ്യം ചിന്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു. രണ്ട് പതിറ്റാണ്ടായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് രഞ്ജിനി.

ഗുരുതരമായി പരിക്കേറ്റ സജി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരം പകുതി തളര്‍ന്നിരിക്കുന്നു. തൃശൂര്‍ പാലയ്ക്കലില്‍ നിന്നും ജോലി തേടി എറണാകുളത്തെത്തിയതാണ്. ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ആരും എത്തിയിട്ടില്ല.