ജീവന് വേണ്ടി പിടഞ്ഞ യുവാവിനെ തിരിഞ്ഞ് നോക്കാതെ ആള്‍ക്കൂട്ടം; ഒടുവില്‍ രക്ഷകയായി വീട്ടമ്മ

0
49

കൊച്ചി: കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാഴ്ചക്കാരായി ജനക്കൂട്ടം. കൊച്ചിയില്‍ പത്മ ജംഗ്ഷനില്‍ ആണ് സംഭവം. തൃശൂര്‍ സ്വദേശി സജിക്കാണ് ദുരനുഭവം ഉണ്ടായത്. ഒടുവില്‍ രക്ഷയായത് വഴിയാത്രക്കാരിയായ വീട്ടമ്മയുടെ ഇടപെടല്‍. ഗുരുതരമായി പരുക്കേറ്റ സജി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ യുവാവ് മണിക്കൂറുകളോളം റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. എന്നിട്ടും, ആ മനുഷ്യനെ ഒന്ന് തിരിഞ്ഞ് നോക്കാനോ ആശുപത്രിയിലെത്തിക്കാനോ അവിടെ ഉണ്ടായിരുന്ന ആരും തയ്യാറായില്ല.

ഒടുവില്‍, അജ്ഞാതയായ വീട്ടമ്മ ഏറെനേരം പണിപ്പെട്ടാണ് റോഡില്‍ കിടന്നയാളെ ആശുപത്രിയിലെത്തിച്ചത്. സമീപത്തെ ഒരു ലോഡ്ജില്‍ നിന്നും തൃശ്ശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് റോഡില്‍ നിര്‍ത്തിയിട്ട ഒരു സ്‌കൂട്ടറിന് മുകളിലേക്കാണ് സജി വീഴുന്നത്. വഴിയാത്രക്കാരിയായ വീട്ടമ്മയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് അപകടത്തില്‍പെട്ടയാളുടെ ജീവന്‍ നിലനിര്‍ത്താനായത്. പരുക്കേറ്റ സജിയെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.