പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

0
27
Parliament house in New Delhi on July 24th 2015. Express photo by Ravi Kanojia.

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മേളനം അഭിസംബോധന ചെയ്യും. തുടര്‍ന്ന് ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വെയും ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്.
സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ സുമിത്ര മഹാജനും, സര്‍ക്കാരും ഇന്നലെ പ്രത്യേകം സര്‍വ്വകക്ഷി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും മറ്റ് പ്രതിപക്ഷാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 2019 തെരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്.

അതേസമയം മുത്തലാഖ് ഉള്‍പ്പെടെയുള്ള നിര്‍ണായക ബില്ലുകള്‍ പാസാക്കാന്‍ ബജറ്റ് സമ്മേളനത്തില്‍ ശ്രമിക്കും. മുത്തലാഖ് ബില്‍ സമ്മേളനത്തില്‍ പാസാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷം പറഞ്ഞു. ബില്‍ പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുമൂലം ശീതകാല സമ്മേളനത്തില്‍ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലിന് രാജ്യസഭയുടെ അംഗീകാരം നേടാന്‍ സാധിച്ചിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനത്തിലും ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കേണ്ടിവരും. ദേശീയ ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന ദേദഗതി ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഫെബ്രുവരി ഒമ്പതിന് സമ്മേളനത്തിന്റെ ആദ്യഘട്ടം സമാപിക്കും. രണ്ടാംഘട്ടം മാര്‍ച്ച് അഞ്ചിന് തുടങ്ങി ഏപ്രില്‍ ആറിന് അവസാനിക്കും.