പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

0
53

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യം പുരോഗതിയുടെ പാതയിലാണ്. സ്വയം സഹായം സംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ജലസേചനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടല്‍ പെന്‍ഷന്‍ സ്‌കീം 80 ലക്ഷം ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടു.

കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും. ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നം 2022ഓടെ യാഥാര്‍ഥ്യമാകും. ചികിത്സാ ചെലവ് കുറയ്ക്കാന്‍ നടപടികളുണ്ടാകും.

സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കർ പറയാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി കൂടിയ പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുപിന്നാലെ സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി അരുൺ ജയ്റ്റ്ലി സഭയുടെ മേശപ്പുറത്തുവയ്ക്കും.