പ്രധാനമന്ത്രി വിദേശ കമ്പനികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു; മോദിക്കെതിരെ വിമര്‍ശനവുമായി സന്ദീപ് ദീക്ഷിത്‌

0
44

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. മോദി വിദേശ കമ്പനികളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് സന്ദീപ് ദീക്ഷിത് തുറന്നടിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുത്തു പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച്
സംസാരിക്കുകയായിരുന്നു ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ എംപിയും മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ മകനുമായ സന്ദീപ്.

‘മുതലാളിമാര്‍ക്കു രാജ്യത്തെ വില്‍ക്കുന്ന രീതിയിലൂടെ നിങ്ങള്‍ വിദേശ കമ്പനികളുടെ ഏജന്റായി മാറി. വിദേശ കമ്പനികളുടെ പുതിയ വൈസ്രോയി ആയി മാറിയിരിക്കുകയാണ് നരേന്ദ്ര മോദി.’ ദീക്ഷിത് പറയുന്നു. പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’ റേഡിയോ പ്രഭാഷണ പരമ്പരയോടുള്ള പ്രതികരണമായി ‘കാം കി ബാത്’ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ഇതു പ്രചരിക്കുന്നത്.

വലിയ വ്യവസായികളാണു ദാവോസിലെത്തുന്നത്. എവിടെയൊക്കെ നിക്ഷേപം നടത്തി പണം വാരാമെന്നതാണ് അവര്‍ക്കുമുന്നില്‍ കാട്ടിക്കൊടുക്കുന്നത്. വിദേശ കമ്പനികള്‍ക്കുമുന്‍പില്‍ നിങ്ങള്‍ രാജ്യത്തെ അവതരിപ്പിക്കുമ്പോള്‍, ജോലിയെക്കുറിച്ച് ചോദിച്ച ഇന്ത്യക്കാരോടു പക്കോഡ (ഉത്തരേന്ത്യന്‍ ഭക്ഷണ വിഭവം) വില്‍ക്കാനാണ് നിങ്ങള്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ മുന്നോട്ടുപോകാനാകില്ല, മഹാത്മാ ഗാന്ധിയുടെ ആശയങ്ങളെ ഓര്‍മിക്കണമെന്നും ദീക്ഷിത് ആവശ്യപ്പെട്ടു. സ്വന്തം നയങ്ങള്‍ നടപ്പാക്കാന്‍ വര്‍ഗീയതയും അക്രമവും വഴി സമൂഹത്തെ ഭിന്നിപ്പിക്കാനാണു ബിജെപിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നതന്നും ദീക്ഷിത് ആരോപിച്ചു.

സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ‘തെരുവു ഗുണ്ട’ എന്നു വിളിച്ചു 2017 ജൂലൈയില്‍ ദീക്ഷിത് വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെ ദീക്ഷിത് ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍, ദീക്ഷിത്തിന്റെ പരാമര്‍ശങ്ങളില്‍നിന്ന് അകലം പാലിച്ച് നിലകൊള്ളുകയായിരുന്നു കോണ്‍ഗ്രസ് .

അതേസമയം, ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുമ്പോള്‍ സ്‌നേഹത്തിന്റെ രാഷ്ട്രീയമായിരിക്കണം പകരം വയ്‌ക്കേണ്ടതെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.