ബിനോയ്‌ കോടിയേരി:സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ സജീവം; പാര്‍ട്ടിക്ക് ഓഡിയുടെയും മിനി കൂപ്പറിന്റെയും ഭാഷയെന്നു വിമര്‍ശനം

0
64

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: 13 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന ബിനോയ്‌ കോടിയേരിക്കെതിരെയുള്ള സാമ്പത്തിക ആരോപണത്തില്‍ ഇടപെടില്ലെന്ന് സിപിഎം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ സിപിഎം ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ സജീവം. പാര്‍ട്ടി ഇപ്പോള്‍ സംസാരിക്കുന്നത് ഓഡിയുടെയും മിനി കൂപ്പറിന്റെയും ഭാഷയിലാണ് എന്നതാണ് പാര്‍ട്ടിക്കുള്ളില്‍ മുഴങ്ങുന്ന പ്രധാന വിമര്‍ശനം.

നിലവിലെ  രീതിയില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ? പാര്‍ട്ടിക്കുള്ളില്‍ നിന്നും ചോദ്യം ഉയരുന്നു. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെ ഓഡി കാറിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയെന്ത്? ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാകുന്നു. ഓഡി സംസ്ക്കാരമാണ് തൊഴിലാളി വര്‍ഗ്ഗ സംസ്ക്കാരം എന്നൊരു ധാരണ വന്നിട്ടുണ്ട്. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളും നിയമസഭയും നടന്നു കൊണ്ടിരിക്കുന്നതിനാലാണ് വിവാദം ആഞ്ഞുവീശുന്നത്.

ബിനോയ്‌ കോടിയേരി വിവാദം പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ കോടിയേരിയുടെ സെക്രട്ടറി കസേരയ്ക്ക് ഇളക്കം തട്ടിയിട്ടുണ്ട്. ആരോപണ വിധേയനായ പാര്‍ട്ടി സെക്രട്ടറിയെ വെച്ച് മുന്നോട്ട് നീങ്ങാന്‍ പറ്റുമോ എന്ന ചോദ്യവും സജീവമാണ്. കോടിയേരി ഇല്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയുടെ കസേരയില്‍ മുഖ്യമന്ത്രിക്ക് വേറെ വിശ്വസ്തര്‍ ഇല്ലായെന്നതാണ് കോടിയേരിക്ക് അനുകൂല ഘടകമാകുന്നത്.

പി.രാജീവിനെ മുഖ്യമന്ത്രിക്ക് വിശ്വാസമായിരുന്നു. ആ വിശ്വാസത്തിനു ഇളക്കം തട്ടിയതായാണ് സൂചന. പാര്‍ട്ടിക്ക് എപ്പോഴും ഊര്‍ജ്ജ്വസ്വലമായ നേതൃത്വം വേണം. കോടിയേരി ഇല്ലെങ്കില്‍ മറ്റാരും തത്ക്കാലം പാര്‍ട്ടി നേതൃത്വത്തിനു മുന്നിലില്ല. കോടിയേരി ബാലകൃഷ്ണന്റെ സ്വന്തം നാടായ കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ സമ്മേളനം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ബിനോയ്‌ കോടിയേരി പ്രശ്നം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിട്ടുണ്ട്.

സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ആരോപണത്തില്‍ ഉള്‍പ്പെട്ടത് എന്നതിനാല്‍ തന്നെ ഈ ആരോപണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ആരോപണം നേരത്തെ അറിഞ്ഞിട്ടും പാര്‍ട്ടി സെക്രട്ടറി മൌനം അവലംബിച്ചതാണ് പ്രശ്നങ്ങള്‍ വഷളാകാന്‍ കാരണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ബിനോയ്‌ കോടിയേരിക്കെതിരെ കേസില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിച്ചിരിക്കെ കേസ് ഉണ്ടെന്നു സിപിഎം പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള തന്നെ വെളിപ്പെടുത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയുമായി. മനോരമ പോലുള്ള മുന്‍ നിര പത്രങ്ങള്‍ ചടയന്‍ ഗോവിന്ദന്‍ പോലുള്ള പാര്‍ട്ടി സെക്രട്ടറിമാര്‍ മക്കളുടെ കാര്യത്തില്‍ അവലംബിച്ച നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി പരമ്പര ഇപ്പോള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയതോടെ വിഷയം ചര്‍ച്ചകളില്‍ സജീവമാകുകയാണ്.

മകനെതിരെയാണ് സാമ്പത്തിക തട്ടിപ്പ് കേസ് ഉയര്‍ന്നതെങ്കിലും അത് ചെന്നുകൊള്ളുന്നത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കസേരയിലാണ്. രണ്ടു പ്രധാന പ്രശ്നങ്ങള്‍ സിപിഎമ്മിന്ന്റെ മുന്നിലുണ്ട്. ശരിയായാലും തെറ്റായാലും ലാവ്ലിന്‍ കേസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുപ്രീം കോടതിയില്‍. പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ഉള്‍പ്പെട്ട 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഇപ്പോള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്നു.

വരുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 22 മുതല്‍ ഹൈദ്രബാദില്‍ ആരംഭിക്കുകയുമാണ്‌. തീര്‍ച്ചയായും ഈ രണ്ടു കേസുകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. ബിനോയ്‌ കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും അതില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുടെ സൂചനകളുണ്ട്. ഇത് അച്ഛനായ കോടിയേരി അറിഞ്ഞില്ലായെന്നു പറയുക വിഷമകരമാണ്.

ബിനോയ്‌ കോടിയേരിക്ക് ലഭിച്ച ജോലി പോലും  അച്ഛന്റെ പദവിയുടെ ബലത്തിലാണ് എന്ന് പോലും ആരോപണം ഉയരാം. ഇതും സിപിഎമ്മിനെ പ്രതിസന്ധിയില്‍ അകപ്പെടുത്തുന്നു. പാര്‍ട്ടി സമ്മേളനങ്ങളുടെ കാലമായതിനാല്‍ വിവാദം വലിയ തിരിച്ചടിയാണ് സിപിഎമ്മിന് മുന്നില്‍ സൃഷ്ടിച്ചിരിക്കുന്നത്.