മന്ത്രിയായിരിക്കെ ധാര്‍മ്മികത പാലിക്കാത്ത എ.കെ.ശശീന്ദ്രനു മന്ത്രിയായി തിരികെ വരാന്‍ ധാര്‍മിക അവകാശമില്ല: ബിന്ദു കൃഷ്ണ

0
63

എം.മനോജ്‌കുമാര്‍ 

തിരുവനന്തപുരം: മന്ത്രിയായിരിക്കെ ധാര്‍മ്മികത പാലിക്കാത്ത എ.കെ.ശശീന്ദ്രനു അതുകൊണ്ട് തന്നെ മന്ത്രിയായി തിരിച്ചു വരാന്‍ ധാര്‍മികമായി ഒരവകാശവുമില്ലെന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കൊല്ലം ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ 24 കേരളയോട് പറഞ്ഞു.

മന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പാകപ്പിഴ വന്നു. മന്ത്രി എന്താണ് ചെയ്തത്. മന്ത്രി പ്രലോഭനത്തിനു വശംവദനാകാന്‍ പാടുണ്ടോ? മന്ത്രി തീര്‍ത്തും തെറ്റായ കാര്യമാണ് ചെയ്തത്. ഒരു മന്ത്രി അങ്ങിനെ സ്വാധീനിക്കപ്പെടാന്‍ പാടുണ്ടോ? ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തില്‍ വന്ന മന്ത്രിയാണ് ശശീന്ദ്രന്‍.

ജനങ്ങളുടെ പ്രലോഭനത്തിനോ സ്വാധീനത്തിനോ മന്ത്രി വശംവദനാകരുത്. ഒരു മന്ത്രി അങ്ങിനെ വശംവദനായാല്‍ കേരളത്തിന്റെ സുരക്ഷയ്ക്ക് അത് വലിയ ഭീഷണിയാണ്. ഇവിടെ തന്റെ മുന്നില്‍ വന്ന മാധ്യമ പ്രവര്‍ത്തകയെ തന്റെ സ്വാധീനത്തിനു വശംവദനാകാന്‍ നോക്കുകയാണ് മന്ത്രി ചെയ്തത്.

 മന്ത്രിയ്ക്ക് സംഭവിച്ച  ധാര്‍മിക അധപതനം കേരളത്തിനു മറക്കാന്‍ സാധിക്കില്ല. ഇത് കേരളത്തിന്റെ സാമൂഹ്യ അടിത്തറ തന്നെ ഇല്ലാതാക്കും. കേരളത്തില്‍ ജനാധിപത്യ സംവിധാനത്തിനും ജനപ്രതിനിധികള്‍ക്കും വലിയ സ്ഥാനമാണുള്ളത്. ഒരു മന്ത്രിയുടെ ധാര്‍മികത അടിസ്ഥാനമാക്കി ചിന്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് വളരെ ഗുരുതരമായ കാര്യമാണ് എന്നാണ് ആ സമയം പ്രതികരിച്ചത്. ഉടന്‍ തന്നെ ശശീന്ദ്രന്‍ രാജി വയ്ക്കുകയും ചെയ്തു.

കേരളത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തില്‍ ഭരണകൂടം ഇടപെട്ട് ഇരയെ നിശബ്ദരാക്കിയിരിക്കുന്നു. സ്ത്രീപീഡനക്കേസുകള്‍ എങ്ങിനെയും ഒത്തു തീര്‍പ്പാക്കാം എന്ന സൂചനയാണ് ശശീന്ദ്രന്‍ കേസ് കേരളത്തിനു മുന്‍പായി ഉയര്‍ത്തുന്നത്. ശശീന്ദ്രന്‍ കേസ് ഒത്തു തീര്‍ന്നത് സ്ത്രീപീഡകര്‍ക്ക്‌ പ്രോത്സാഹന ജനകമായി മാറും.

സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാക്കുകളാണ് ശശീന്ദ്രന്റെ അടുക്കല്‍ നിന്നും വന്നത്. മന്ത്രിയായിരുന്ന വേളയില്‍ ആ മാധ്യമ പ്രവര്‍ത്തകയുമായി അങ്ങിനെ ഒരു സംഭാഷണം നടത്തി എന്ന കാര്യം ശശീന്ദ്രന്‍ നിഷേധിക്കുന്നില്ല. നിഷേധിക്കാത്ത സ്ഥിതിക്ക് ശശീന്ദ്രന് തിരികെ വരാന്‍ ധാര്‍മിക അവകാശവുമില്ല. ഇവിടെ ഇടതുമുന്നണിയാണ് ഭരിക്കുന്നത്.

ധാര്‍മികത അടിസ്ഥാനമാക്കി ഭരണം നടത്തുന്ന ഇടതു  മുന്നണിക്ക്‌ അധാര്‍മ്മികമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ മന്ത്രിയാക്കാനും അവകാശമില്ല. സ്വാധീനിക്കപ്പെട്ടിട്ടാണ് എ.കെ.ശശീന്ദ്രനെതിരായ പരാതി മാധ്യമ പ്രവര്‍ത്തക പിന്‍വലിച്ചതെന്നു ആരെങ്കിലും ആരോപണം ഉയര്‍ത്തിയാല്‍ അത് നിഷേധിക്കാന്‍ കഴിയില്ല.

ഇരയില്‍ ദുഷ്സ്വാധീനം ചെലുത്തി ഇരയുടെ മൊഴിമാറ്റുന്ന രീതി ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ പ്രബലമായിട്ടുണ്ട്. കോടതികള്‍ ഈ കാര്യത്തില്‍, കേസ് പിന്‍വലിക്കപ്പെടാതിരിക്കാന്‍ അവബോധം കാണിക്കുകയും ചെയ്യുന്നുണ്ട്. പിന്നെ എങ്ങിനെ മാധ്യമ പ്രവര്‍ത്തക എ.കെ.ശശീന്ദ്രനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാനിടയായി എന്ന സാഹചര്യത്തെക്കുറിച്ച് അറിയില്ല.

മാധ്യമ പ്രവര്‍ത്തക പരാതി പിന്‍വലിച്ചത് ശരിയായില്ല. ചാനല്‍ മേധാവികള്‍ എന്നെ ഇരയാക്കുകയായിരുന്നു എന്ന് മാധ്യമ പ്രവര്‍ത്തക തന്നെയാണ് ഫെയ്സ് ബുക്ക്‌ പോസ്റ്റിംഗ് നടത്തിയത്. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തക പരാതി പിന്‍വലിച്ചിരിക്കുന്നു. പക്ഷെ മാധ്യമ പ്രവര്‍ത്തക നിശബ്ദയാക്കപ്പെട്ടതാണ് എന്ന കാര്യം ഈ അവസരത്തിലും മറക്കാന്‍ കഴിയില്ല-ബിന്ദു കൃഷ്ണ പറഞ്ഞു.