മലയാള സിനിമയുടെ മണ്ണിലിപ്പോഴുമുണ്ട് പത്മരാജന്റെ കഥാപാത്രങ്ങള്‍

0
79

പി.കെ.ഗണേശന്‍

സാഹിത്യവും ചലച്ചിത്രവും രണ്ട് വ്യത്യസ്ത വഴികളാണ്. ഒന്ന് മറ്റേതിന്റെ മിത്രമാണെന്നോ ശത്രുവാണെന്നോ അതിനാല്‍ അര്‍ത്ഥമില്ല. നല്ലൊരു കഥയോ നോവലോ കവിതയോ എഴുതുന്നതുപോലെ ഒരാള്‍ക്ക് സാധ്യമാവണമെന്നില്ല നല്ലൊരു ചലച്ചിത്രത്തിന് തിരക്കഥ എഴുതാനോ ചലച്ചിത്രം തന്നെ സംവിധാനം ചെയ്യാനോ. രണ്ടും രണ്ട് വഴികളാണ്. ഈ രണ്ട് വഴികളെയും ഒരുപോലെ ഒരുമിച്ചു കൊണ്ടു പോകാന്‍ ചരിത്രത്തില്‍ വളരെ കുറച്ച് പേര്‍ക്കേ സാധിച്ചിട്ടുള്ളൂ.

അങ്ങിനെ സാധിച്ചവരില്‍ തന്നെ പലര്‍ക്കും പിന്നീട് ഒന്നില്‍ നില തെറ്റുകയും മറ്റേതില്‍ കൂടുതല്‍ പ്രശസ്തി കൈവരുകയുമുണ്ടായി. ഇവിടെയാണ് പി.പത്മരാജന്‍ രണ്ട് തലങ്ങളില്‍ നക്ഷത്രങ്ങള്‍ക്ക് കാവലായത്, അങ്ങനെ ഒടുവില്‍ നക്ഷത്രം തന്നെയായി മാറിയത്. ആ നക്ഷത്രവെളിച്ചം അനുഭവിച്ചിട്ടും അങ്ങനെ ഭാവിക്കാതെ മലയാളി കണ്ണടച്ച് ഇരുട്ടാക്കി. ആ ഇരുട്ടില്‍ നിന്ന് കര കയറിയപ്പോഴാണ് പത്മരാജനെ നാമിപ്പോള്‍ കാണുന്നത്. ആ പഴയകാല തെറ്റ് തിരുത്താനുള്ള സന്ദര്‍ഭമാണ് ഈ ഓര്‍മ.

പത്മരാജന്‍ എഴുതിയ കഥകളില്‍ ചലച്ചിത്രകാരന്റെ ഭാഷയുണ്ട്. പത്മരാജന്‍ എഴുതിയ തിരക്കഥകളില്‍, സംവിധാനം ചെയ്ത ചലച്ചിത്രങ്ങളില്‍ എഴുത്തുകാരന്റെ ഭാഷയുമുണ്ട്. കഥകളെഴുതുമ്പോള്‍ കഥയ്ക്കകത്ത് ചലച്ചിത്രകാരനായും ചലച്ചിത്രം ചെയ്യുമ്പോള്‍ ചലച്ചിത്രത്തിനകത്ത് എഴുത്തുകാരനായും പത്മരാജന്‍ ശോഭിച്ചു. ആയതിനാല്‍ പത്മരാജന്റെ ഓരോ കഥയും വിഷ്വലുകളാല്‍ സമ്പന്നമാണ്.

ചലച്ചിത്രത്തിനുവേണ്ടി കരുതിവെച്ചതുപോലെ തോന്നും ഓരോ കഥയും വായിക്കുമ്പോള്‍. ചലച്ചിത്രങ്ങളാണെങ്കില്‍ സാഹിത്യമായി എഴുതിയതോ സംവിധാനം ചെയ്തതോ ആയി തോന്നും കാണുമ്പോള്‍. ക്യാമറ കൊണ്ട് എഴുതിവെച്ചതു പോലെ. കഥയില്‍ ചലച്ചിത്രത്തെ കുടിയിരുത്തി കഥയില്ലാതാക്കുന്നുമില്ല. ചലച്ചിത്രത്തില്‍ സാഹിത്യം തിരുകിക്കയറ്റി ചലച്ചിത്രത്തെ നോക്കുകുത്തിയാക്കുന്നുമില്ല. പത്മരാജനുമാത്രം അറിയാവുന്ന മാജിക്കാണിത്.

ആധുനികത കത്തിനില്‍ക്കുന്ന കാലത്താണ് കഥയിലേയ്ക്കും ചലച്ചിത്രത്തിലേയ്ക്കും പത്മരാജന്റെ വരവ്. അദ്ദേഹം രണ്ടിലും അങ്ങേയറ്റം വ്യതിരിക്തത പുലര്‍ത്തി. പത്മരാജന്‍ എഴുതിയ ഒരു കഥയും പത്മരാജന്റെ തന്നെ മറ്റൊരു കഥയെ അനുകരിക്കുന്നില്ല. പത്മരാജന്‍ എഴുതിയ, സംവിധാനം ചെയ്ത ഒരു സിനിമയും പത്മരാജന്റെ തന്നെ മറ്റൊരു ചലച്ചിത്രത്തെ അനുകരിച്ചില്ല. ഒന്നിന്റെ തുടര്‍ച്ചയായി മറ്റൊന്നിനെ കണ്ടില്ല. സ്വന്തം പ്രതിഭയുടെ കരുത്തില്‍ ഓരോ ചലച്ചിത്രവും ഓരോ കഥയും കാലത്തെ അതിവര്‍ത്തിച്ചു. ആ പത്മരാജനെ അംഗീകരിക്കാനോ സ്വീകരിക്കാനോ വലിയ വിമുഖത മലയാളി കാണിച്ചു.

തീരെ പിടികിട്ടാത്ത മനുഷ്യമനസ്സിന്റെ ഉള്ളറകകളിലേയ്ക്ക് പത്മരാജന്‍ നിരന്തരം സഞ്ചരിച്ചു. പത്മരാജന്റെ കഥയിലേയും ചലച്ചിത്രത്തിലേയും പ്രണയവും കാമവും പകയും രോഷവും പ്രതികാരവും ഒക്കെ ഇവിടെ കണ്ടനുഭവിച്ച, കേട്ടറിഞ്ഞ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയവയാണ്. ഒന്നും ഇറക്കുമതി ചരക്കായിരുന്നില്ല. ഗെ, ലെസ്ബിയന്‍ എന്നൊക്കെ മലയാളി ഉച്ചരിക്കാന്‍ തുടങ്ങുന്നതിന് മുമ്പേ ആ വിഷയം പ്രതിപാദിച്ച പത്മരാജന്റെ ‘ദേശാടനക്കിളികള്‍ കരയാറില്ല’ എന്ന സിനിമ പുറത്തുവന്നു.

പ്രവാചകനെ പോലെ മലയാളിയുടെ ആശയ ഭാവുകത്വത്തിന് മുന്നില്‍ നടന്നു. ആ ജീവിതം പത്മരാജന്‍ ഈ കൊച്ചു കേരളത്തില്‍ കണ്ട, കേട്ട ജീവിതമാണ്. പത്മരാജന്‍ ജീവിതം തേടി പോയി. തേടി പോവാത്ത ജീവിതം പത്മരാജനെ തേടി വന്നു. അപരിചിതമായ വഴികളിലൂടെ നിരന്തരം സഞ്ചരിക്കാന്‍ ശീലിച്ചു. ആയതിനാല്‍ പത്മരാജന്റെ കഥാപാത്രങ്ങള്‍ ഈ മണ്ണില്‍ പിറന്നുവീണവരാണ്. ആ കഥാപാത്രങ്ങള്‍ക്ക് പരിചിതമാണ് ഈ ആകാശം, ഈ ഭൂമി. അതുകൊണ്ടാണ് ജയകൃഷ്ണന്‍ ഇപ്പോഴും മഴയില്‍ ക്ലാരയെ സ്വപ്നം കാണുന്നത്.

നമ്മില്‍ ഓരോരുത്തരിലുമുണ്ട് ആ ജയകൃഷ്ണനും ക്ലാരയും. എത്ര മഴ നനഞ്ഞിട്ടും പനി പിടിക്കാതെ അവര്‍ മലയാളിക്കൊപ്പമുണ്ടിപ്പോഴും. എന്നെങ്കിലും ഒരു ക്ലാര വരുമെന്ന കാത്തിരിപ്പിലാണ് കേരളത്തിലെ ജയകൃഷ്ണന്‍മാര്‍. കേരളീയ പുരുഷന്റെ പരിച്ഛേദമാണ് ജയകൃഷ്ണന്‍. ഓരോ മലയാളി ആണും ഉള്ളാലെ കൊതിക്കുന്നുണ്ട് ക്ലാരയെ പോലൊരു സ്ത്രിയുമായി ചുറ്റിക്കളി, കള്ളക്കളി. പത്മരാജന്റെ കഥാപാത്രങ്ങള്‍ ഓരോ മലയാളിയിലുമുണ്ട്.

ഇവിടെ ഈ മണ്ണില്‍ ചവിട്ടി നിന്നാണ് ആ കഥാപാത്രങ്ങള്‍ ലോകത്തിനൊപ്പം സഞ്ചരിച്ചത്. ചലച്ചിത്രഭാഷയ്ക്കും സാഹിത്യഭാഷയ്ക്കും ഇടയില്‍ താദാത്മ്യം ഇല്ലെങ്കിലും ചലച്ചിത്രത്തിന്റെ ഭാഷയാണ് പത്മരാജനിലെ സാഹിത്യ ഭാഷയെ അതിലംഘിച്ചത്. കഥാകാരന്‍ എന്നതിനേക്കാള്‍ ചലച്ചിത്രകാരന്റെ ഭാഷയാണ് പത്മരാജനില്‍ കീര്‍ത്തിപ്പെട്ടത്.

നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ അനുഭവങ്ങളുടെ വ്യത്യസ്തമായ കഥാപ്രപഞ്ചമാണ് പത്മരാജന്‍ ഓരോ കഥയിലും ആവിഷ്‌കരിച്ചത്. കാഴ്ചയുടെ സമ്പന്നതയാല്‍ ഓരോ കഥയും ചലച്ചിത്രത്തിന്റെ റിപബ്ലിക്കിലേക്ക് സ്വയം സഞ്ചരിക്കുകയായിരുന്നു. കാണാന്‍ വേണ്ടി എഴുതിയതുപോലെയാണ് ഓരോ കഥയും. പ്രേക്ഷകരെ മുന്നില്‍ കണ്ടെഴുതിയതുപോലെ. ആയതിനാല്‍ തന്നെ കഥയിലെ ഉള്ളടക്കത്തിലായിരുന്നു പത്മരാജന് താല്പര്യം.

ശില്പഭദ്രതയിലോ, രൂപഭംഗിയിലോ വലിയ ശ്രദ്ധ ചെലുത്താതെ, ഭാഷയില്‍ ലിറിക്കലായി ഉത്സാഹിക്കാതെ, കവിത്വം എന്ന പാവനത്വത്തില്‍ അള്ളിപ്പിടിക്കാതെ, വേറിട്ട അനുഭവങ്ങളാല്‍ ചലചിത്രത്തിനുവേണ്ടി വക്കാലത്ത് എറ്റെടുത്തതു പോലെ ഒരാലസ്യം കഥയെഴുത്തില്‍ പുലര്‍ത്തി. എന്റെ കഥകള്‍ ചലചിത്രത്തിനുവേണ്ടി എഴുതിയതാണെന്ന മട്ടില്‍. വിഷ്വലുകളിലൂടെ അങ്ങിനെ നിരന്തരം വേറിട്ടൊരു അനുഭവലോകം സൃഷ്ടിക്കുകയായിരുന്നു.

പത്മരാജനും ഭരതനുമൊക്കെ ഉഴുതുമറിച്ച മലയാള സിനിമയുടെ മണ്ണിലിപ്പോഴുമുണ്ട് പത്മരാജന്റെ കഥാപാത്രങ്ങള്‍. ആ മണ്ണിലാണ് ന്യൂ ജനറേഷന്‍ എന്ന് നാം ആലങ്കാരികമായി വിളിക്കുന്ന പുതിയ കാലത്തെ മലയാള സിനിമ വിത്തായി വീണ് മുളച്ചുപൊങ്ങുന്നത്. പത്മരാജന്‍ സൃഷ്ടിച്ചതിനപ്പുറം എത്രത്തോളം, ഏതുവരെ പോകുന്നു പുതിയ കാലത്തെ നമ്മുടെ മുഖ്യധാരാമലയാള സിനിമ?