മാനവികബോധം പ്രകടിപ്പിക്കാന്‍ എല്ലാ മലയാളികളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി

0
38

കൊച്ചി: കൊച്ചിയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് താഴെ വീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കിനിന്നുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി. പരിക്കേറ്റയാളുടെ ജീവന്‍ രക്ഷിക്കാന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ഉണ്ട് . ഉയര്‍ന്ന മാനവികബോധം പ്രകടിപ്പിക്കാന്‍ എല്ലാ മലയാളികളും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം തൻറെ ഫേസ്ബുക്കിലൂടെയാണ് അഭിപ്രായം പങ്കുവെച്ചത്ത്. ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ രക്ഷപ്പെടുത്താതെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അജ്ഞാതയായ വീട്ടമ്മ ഇടപെട്ടതിനെ തുടര്‍ന്നാണ് ചോരയൊലിപ്പിച്ച്‌ ഏറെനേരെ റോഡില്‍ കിടന്നയാളെ അശുപത്രിയിലെത്തിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം
കൊച്ചിയിൽ കെട്ടിടത്തിൽ നിന്നും താഴെവീണയാളെ ആശുപത്രിയിൽ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാർത്ത നടുക്കം ഉളവാക്കുന്നതാണ്. 15 മിനുട്ടോളം ഒരാൾ രക്തം വാർന്ന് തിരക്കേറിയ റോഡരികിൽ ആൾക്കൂട്ടത്തിനു നടുവിൽ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവൻ രക്ഷിക്കന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്.

അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലർക്കും . എന്നാൽ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിയമപരമായ പരിരക്ഷ ഉണ്ട്. മാത്രവുമല്ല അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സർക്കാർ നടപ്പിൽ വരുത്തുകയാണ്. അപകടങ്ങളിൽ നിഷ്ക്രിയരാകാതെ ഒരു ജീവനാണ് താൻ രക്ഷിക്കുന്നതെന്ന ഉയർന്ന മാനവിക ബോധം പ്രകടിപ്പിക്കാൻ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു.