മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ കൊല്ലം ജില്ലാ സമ്മേളനം

0
58

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ കൊല്ലം ജില്ലാ സമ്മേളനം. സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രഹസ്യ അജണ്ട നടപ്പാക്കിയെന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു.കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അധികാര പ്രമത്തതയും അപ്രമാദിത്തവും ആണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നത്. വകുപ്പ് മന്ത്രിമാര്‍ക്ക് മുകളിലൂടെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കൈകടത്തുന്നതായും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിട്ടുണ്ട്. ഇത്തരം നടപടികളില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

മുഖ്യമന്ത്രിക്ക് പുറമേ വൈദ്യുത വകുപ്പു മന്ത്രി എം എം മണി, ധനമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ക്ക് നേരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു. ഇടുക്കി മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് മുഖ്യമന്ത്രിയും വൈദ്യുതവകുപ്പു മന്ത്രി എം എം മണിയും ചേര്‍ന്ന് കോടാലിവച്ചു. ജി എസ് ടി നല്ലതാണെന്ന് ധനമന്ത്രി ദീര്‍ഘദര്‍ശനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂട്ടുത്തരവാദിത്തമില്ലാത്ത മന്ത്രിസഭയാണ് ഇപ്പോഴത്തേത്. ഇത് പരിഹരിക്കാന്‍ കൂട്ടുത്തരവാദിത്തമുള്ള ഭരണത്തിന് മുഖ്യമന്ത്രി നേതൃത്വം നല്കണം. പാപ്പാത്തിച്ചോലയില്‍ കുരിശ് നീക്കം ചെയ്ത സംഭവത്തില്‍ വര്‍ഗ്ഗീയവികാരം ഇളക്കിവിടുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മതമേധാവികള്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ പ്രശ്‌നം വഷളായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.