ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നത് ധാര്‍മികമായി ശരിയല്ല: കുമ്മനം

0
42

കാസര്‍ക്കോട്: ഫോണ്‍കെണി കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട മുന്‍മന്ത്രി എ.കെ..ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം ധാര്‍മ്മികമായി ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നത് ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വികാസ് യാത്രയ്ക്കായി കാസര്‍കോടെത്തിയതായിരുന്നു കുമ്മനം.

മന്ത്രി സ്ഥാനത്തു തിരിച്ചെത്തുകയെന്നതു നിയമപരമായി ശരിയല്ല. ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ടാണു രാജിവെയ്ക്കുന്നതെന്ന് ശശീന്ദ്രന്‍ അന്നു പറഞ്ഞിരുന്നു. അധികാരത്തില്‍ തിരിച്ചെത്താന്‍ ശശീന്ദ്രന്‍ വളഞ്ഞ വഴിയില്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നും ഏതു സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്കു പോകാനുള്ള മാറ്റം വന്നിരിക്കുന്നതെന്നും കുമ്മനം ചോദിച്ചു.

കാസര്‍ക്കോട് നടന്നുവരുന്ന എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്ക് ബിജെപി പിന്തുണ നല്‍കി നീതിക്കായുള്ള പോരാട്ടങ്ങള്‍ നടത്തുമെന്നും കുമ്മനം വ്യക്തമാക്കി. കുടിവെള്ളം ആഹാരം തുടങ്ങിയവ കിട്ടാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ധൂര്‍ത്ത് വര്‍ധിച്ചു വരികയാണ് ചെയ്യുന്നത്. പാവങ്ങളുടെ പടത്തലവനെന്ന് ആവകാശപ്പെടുന്ന മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ഹൃദയവികാരം കാണാനുള്ള മനുഷ്യത്വമുണ്ടാകണമെന്നും കുമ്മനം പറഞ്ഞു.