ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും; എന്‍സിപി കത്ത് ലഭിച്ചുവെന്ന് വൈക്കം വിശ്വന്‍; തീരുമാനം വൈകീട്ടെന്നു പീതാംബരന്‍ മാസ്റ്റര്‍

0
50

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഫോൺകെണി കേസിൽ കുറ്റവിമുക്തനായ ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ ലഭിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവം. ഈ നിയമസഭാ സമ്മേളന കാലത്ത് തന്നെ ശശീന്ദ്രനെ മന്ത്രിയാക്കാനാണ് എന്‍സിപിയുടെയും ശശീന്ദ്രനോട് അടുപ്പമുള്ള ഇടതുമുന്നണി നേതാക്കളുടെയും ശ്രമം. ഇന്നു വൈകീട്ട് ഡല്‍ഹിയില്‍ എന്‍സിപിയുടെ ഈ കാര്യത്തിലുള്ള സുപ്രധാന യോഗം നടക്കും. പാർട്ടിയുടെ കേന്ദ്ര പാർലമെന്ററി ബോർഡ് യോഗമാണ് ചേരുന്നത്.

യോഗത്തിനു മുന്‍പായി ടി.പി.പീതാംബരന്‍ മാസ്റ്ററും ശശീന്ദ്രനും എന്‍സിപി ദേശീയ നേതാക്കളായ ശരദ് പവാർ, പ്രഫുൽ പട്ടേൽ, താരിഖ് അൻവർ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് എ.കെ.ശശീന്ദ്രനും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററുമാണ് ഡല്‍ഹിയിലുള്ളത്.

ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പാര്‍ട്ടി തീരുമാനം ഇന്നു വൈകീട്ട് ഡല്‍ഹി യോഗത്തിലുണ്ടാകും. എന്‍സിപി സംസ്ഥാന പ്രസിഡനറും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ 24 കേരളയോടു പറഞ്ഞു. യോഗത്തിനു ശേഷം മാത്രമേ ശശീന്ദ്രന്റെ മന്ത്രിസ്ഥാന തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയൂ-പീതാംബരന്‍ മാസ്റ്റര്‍ പറയുന്നു.

മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്നു ചൂണ്ടിക്കാട്ടി എന്‍സിപിയുടെ കത്ത് ലഭിച്ചെന്നും എന്നാല്‍ തിരുവനന്തപുരത്ത് ഇല്ലാത്തതിനാല്‍ ആ കത്ത് പരിശോധിച്ചിട്ടില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ 24 കേരളയോട് പ്രതികരിച്ചു. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തെ ചൊല്ലി വേറെ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. എന്‍സിപിയുടെ കത്ത് ലഭിച്ചാല്‍ ഈ കാര്യത്തില്‍ ഇടതുമുന്നണിയില്‍ നിന്ന് തീരുമാനം വരും. കത്ത് ലഭിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ ഉള്ളടക്കം പരിശോധിച്ചിട്ടില്ല. തിരുവനന്തപുരത്ത് എത്തിയാല്‍ ഉടന്‍ കത്ത് പരിശോധിക്കും-വൈക്കം വിശ്വന്‍ പറയുന്നു.

ഇതെല്ലാം തന്നെ മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ശശീന്ദ്രന്റെ മടങ്ങി വരവ് എളുപ്പമാക്കാന്‍ പര്യാപ്തമാണ്. ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ക്കും നേതാക്കള്‍ക്കും എതിര്‍പ്പില്ലാത്തത് ശശീന്ദ്രന് അനുകൂല ഘടകമാകുന്നു.

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തില്‍ എതിര്‍പ്പില്ലാ എന്ന് സിപിഐ മുന്‍പ് തന്നെ പ്രതികരിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെയാണ് വ്യക്തത വരുത്തിയിട്ടുള്ളത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നയുടന്‍ തന്നെയുള്ള മുഖ്യമന്ത്രിയുടെ ഫോണ്‍ വിളിയോടെ തന്നെ ശശീന്ദ്രന് മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്.

പക്ഷെ പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള എതിര്‍ നീക്കങ്ങള്‍ ആണ് ശശീന്ദ്രന് വെല്ലുവിളിയാകുന്നത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേ കോടതിയില്‍ ശശീന്ദ്രനെതിരെ വന്ന വ്യാജ ഹര്‍ജികളും മറ്റും നീക്കങ്ങളും ശശീന്ദ്രനും  ഒപ്പമുള്ള എന്‍സിപിനേതാക്കള്‍ക്കും അലോസരം സൃഷ്ടിച്ച  നടപടിയാണ്.

ശശീന്ദ്രന് എതിരായി വന്ന ഹര്‍ജികള്‍  പാര്‍ട്ടി ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായ ഉയര്‍ന്നു വന്ന ഹര്‍ജികളായാണ് ശശീന്ദ്രന്‍ പക്ഷ നേതാക്കള്‍ വിലയിരുത്തുന്നത്. ശശീന്ദ്രന് എതിരായി വന്ന വ്യാജ ഹര്‍ജിയെക്കുറിച്ച് അന്വേഷണം വേണമെന്ന് ഉന്നത എന്‍സിപി നേതാവ് 24 കേരളയോടു പ്രതികരിച്ചിട്ടുമുണ്ട്. എന്തായാലും ഇന്നത്തെ എന്‍സിപി മീറ്റിംഗില്‍ ശശീന്ദ്രനെ സംബന്ധിച്ച് നിര്‍ണ്ണായകമായ തീരുമാനം വരും.