സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല സമരത്തിലേക്ക്

0
83


കാസര്‍കോട്: സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മാര്‍ച്ച് 15 മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും.

സെക്രട്ടേറിയേറ്റിന് മുന്നില്‍ നാളെ നടത്തുന്ന സൂചന സമരത്തിന് ശേഷവും സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാട് തുടരുകയാണെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇരകളും, കുടുംബാംഗങ്ങളും അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരത്തിന് നേതൃത്വം നല്‍കും. സുപ്രീം കോടതി വിധി പ്രകാരം ലഭിക്കേണ്ട 5 ലക്ഷം രൂപ ദുരിതബാധിത പട്ടികയില്‍പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യുക, കുടുംബങ്ങളെ കട ബാധ്യത കളില്‍ നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ തുടരുന്ന ജപ്തി നടപടികള്‍ അവസാനിപ്പിക്കുക ,ബഡ്സ് സ്‌ക്കൂളുകളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിക്കുന്നത്.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാഭായ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.2017 ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഉള്‍പ്പെട്ട ദുരിത ബാധിതരുടെ പട്ടിക 1905 ല്‍ നിന്നും 287 ആയി വെട്ടിച്ചുരുക്കിയത് വലിയ നീതികേടായി സമര സമിതി ചൂണ്ടിക്കാട്ടുന്നു .പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുങ്ങുമ്പോള്‍ ഹത ഭാഗ്യരായ ആയിരങ്ങളാണ് അടിയന്തിര ചികിത്സ പോലും ലഭിക്കാതെ വേദന തിന്ന് നാളുകള്‍ തള്ളുന്നത്. ഇത് രണ്ടാം തവണയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി ദുരിതബാധിതര്‍ എത്തുന്നത്.അവകാശ നിഷേധങ്ങള്‍ക്കെതിരെ ദുരിതബാധിത കുടുംബങ്ങള്‍ നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരജ്വാല തീര്‍ക്കും.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 15 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിത കാലസമരം സംഘടിപ്പിക്കാനാണ് ദുരിതബാധിത കുടുംബങ്ങളുടെ തീരുമാനം

ഇരകളുടെ പ്രശ്നം അതീവ ഗൗരവമുള്ളതാണെന്നും,പ്രക്ഷോഭം നടത്തരുതെന്ന് പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു ദുരിതബാധിതരുടെ ക്ഷേമത്തിനുവേണ്ടിയുള്ള സെല്ലിന്റെ ചെയര്‍മാന്‍ കൂടിയായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണം.