സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ തയ്യാര്‍; പ്രശ്‌ന പരിഹാരത്തിനൊരുങ്ങി ചൈന

0
54

ബെയ്ജിങ്: ഇന്ത്യയുമായി പ്രശ്‌ന പരിഹാരത്തിനൊരുങ്ങി ചൈന. ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ തയ്യാറാണെന്ന് ചൈന. പാക്ക് അധിനിവേശ കശ്മീര്‍ വഴി കടന്നുപോകുന്ന പദ്ധതിയെക്കുറിച്ചു ഇന്ത്യയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചയാകാമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുനിങ് പറഞ്ഞു.

സാമ്പത്തിക ഇടനാഴി വിഷയത്തില്‍ തങ്ങളുടെ നിലപാട് ചൈന പലകുറി വ്യക്തമാക്കിയതാണ്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പരസ്പര ബഹുമാനത്തോടെ അത് പരിഹരിക്കുകയാണ് വേണ്ടത്.

ചൈന – പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി സാമ്പത്തിക മേഖലയിലെ പദ്ധതിയാണ്. മൂന്നാമതൊരാളെ ലക്ഷ്യംവച്ചുള്ള പദ്ധതിയല്ല ഇത്. ഇക്കാര്യങ്ങള്‍ ഇന്ത്യ മനസ്സിലാക്കുമെന്നും ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്താന്‍ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്നതുകൊണ്ടു തന്നെ പദ്ധതിയെ എതിര്‍ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ ഇന്ത്യ സ്വീകരിച്ചുവരുന്നത്. ചൈനയിലെ സിന്‍ജിയാങ്ങിനെയും ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണു ചൈന – പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി.