സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമി ഇടപാട്: 5 സാക്ഷികള്‍ക്ക് കോടതിയുടെ നോട്ടീസ്

0
47

കൊച്ചി: അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ അഞ്ച് സാക്ഷികള്‍ക്ക് കോടതിയുടെ നോട്ടീസ്. സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അടക്കമുള്ള അഞ്ച് സാക്ഷികള്‍ക്കാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 31-ന് സാക്ഷികള്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ ക്രമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നടപടി.

അതിനിടെ, വിവാദ ഭൂമി ഇടപാടില്‍ സഭാ മുഖപത്രമായ സത്യദീപം കര്‍ദ്ദിനാല്‍ ആലഞ്ചേരിയെ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിന്നു. അതിരൂപതയുടെ ആര്‍ക്കെയ്‌വ്‌സിന്റെ ചുമതലയുള്ള ഫാ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളിയുടെ സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടുവിചാരം എന്ന ലേഖനത്തിലാണ് സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത ഓര്‍മ്മിപ്പിക്കുന്നത്.

പൂര്‍വ്വികര്‍ എങ്ങനെയാണ് ദേവാലയ സ്വത്തുക്കള്‍ കൈകാര്യം ചെയ്തതെന്ന് ഉദാഹരണ സഹിതം ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പേരുപറഞ്ഞ് ചെയ്യുന്ന തിന്മകള്‍ സഭാ ഗാത്രത്തെ നശിപ്പിക്കുമെന്നും സത്യസന്ധതയും സുതാര്യതയും ഉള്ള ക്രൈസ്തവ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കഴിയാത്തവന്‍ ക്രിസ്തു ശിഷ്യനെന്ന പേരിനുപോലും യോഗ്യനല്ലെന്നും ലേഖനത്തില്‍ പറയുന്നു. ആത്മീതയുടെ മൂടുപടമണിഞ്ഞ് സഭാ തനയര്‍ ചെയ്യുന്ന പ്രവൃത്തികളെ ഫ്രാന്‍സിസ് പാപ്പാ ആത്മീയ ലൗകീകത എന്നാണ് വിശേഷിപ്പിച്ചതെന്നും ലേഖനത്തിലുണ്ട്.