സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി

0
40

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനം. കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യയായ സുനന്ദയുടെ മരണത്തെ പറ്റി പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
നേരത്തെ സ്വാമിയുടെ ഹര്‍ജി പൊതുതാല്‍പര്യ പ്രകാരമുള്ളതല്ലെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞിരുന്നു. ഈ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ജി നിലനില്‍ക്കുമോ എന്ന് സ്വാമി തന്നെ വിശദീകരിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. നോട്ടീസ് അയക്കാതെ ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും ഇഷ്‌കര്‍ ഭണ്ഡാരിയും ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2014 ജനുവരി 17 ദുരൂഹ സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ സുനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സുബ്രഹ്മമണ്യന്‍ സ്വാമി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന സ്വാമിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇതിനെതിരെയാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.