സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

0
40

ന്യൂഡല്‍ഹി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച്‌ സുപ്രീം കോടതി. അവധിയിലായിരിക്കെ യാത്രാബത്തക്കായി സെന്‍കുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിലാണ് സുപ്രീംകോടതി അന്വേഷണം റദ്ദാക്കിയത്.

അതേസമയം പരാതിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പൊതുതാത്പര്യമെന്ന വ്യാജേനെ എത്തുന്ന ഇത്തരം പരാതികള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിപിഎം നേതാവായ എംജി സുകാര്‍ണോയായിരുന്നു പരാതിക്കാരന്‍,

രണ്ട് പരാതികളാണ് സെന്‍കുമാറിനെതിരെ സുകാര്‍ണോ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നത്. കെ എസ് എഫ് സി ചെയര്‍മാന്‍ ആയിരിക്കെ അനധികൃതമായി അമ്പത് കോടി രൂപയുടെ ലോണ്‍ അനുവദിച്ചു എന്നതായിരുന്നു ആദ്യപരാതി. 2016 ജൂണ്‍ മുതല്‍ മെഡിക്കല്‍ അവധി എടുക്കുകയും ആ സമയത്തെ ശമ്പളം ലഭിക്കാന്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ പരാതി.