അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: പാകിസ്താനെ തകര്‍ത്ത്‌ ഇന്ത്യ ഫൈനലില്‍

0
72

ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ പാകിസ്താനെ 203 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന്‍ 29.3 ഓവറില്‍ 69 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടു നല്‍കി നാലു വിക്കറ്റെടുത്ത ഇഷാന്‍ പൊറേലിന്റെ മികവാണ് ഇന്ത്യക്കു തുണയായത്. റിയാന്‍ പരാഗ് നാലു ഓവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശിവ സിങ് എട്ടു ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. അനുകൂല്‍ സുധാകര്‍ റോയ്, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും. ബാറ്റിങ്ങില്‍ പാകിസ്താന്റെ റൊഹൈല്‍ നാസിര്‍(18), സാദ് ഖാന്‍(15), മുഹമ്മദ് മൂസ(11) എന്നിവര്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത്.

നേരത്തെ, 94 പന്തില്‍ ഏഴു ബൗണ്ടറിയോടെ സെഞ്ചുറി നേടി (പുറത്താകാതെ 102 റണ്‍സ്) മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലിന്റെ തോളിലേറിയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. പൃഥ്വി ഷായും മന്‍ജ്യോത് കല്‍റയും ചേര്‍ന്നുണ്ടാക്കിയ 89 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് വന്‍സ്‌കോറിലേക്ക് ഇന്ത്യ നീങ്ങുമെന്ന സൂചന നല്‍കിയെങ്കിലും 41 റണ്‍സെടുത്ത പൃഥ്വി ഷാ റണ്‍ഔട്ടായി. 47 റണ്‍സെടുത്ത കല്‍റയും പിന്നാലെ പുറത്തായി. ഒരു വശത്ത് ശുഭ്മാന്‍ ഗില്‍ വീറോടെ പൊരുതിനിന്നപ്പോള്‍ മറുവശത്തെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പിന്നാലെ ഒന്നായി കാര്യമായ സ്‌കോര്‍ കൂട്ടിച്ചേര്‍ക്കാതെ മടങ്ങി. വാലറ്റത്ത് 33 റണ്‍സെടുത്ത അങ്കുല്‍ റോയിയുടെ ബാറ്റിങ്ങാണ് ശുഭ്മാന് തുണയായത്.

10 ഓവറില്‍ 67 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടിയ മുഹമ്മദ് മൂസയും 51 റണ്‍സ് വിട്ടുനില്‍കി മൂന്നു വിക്കറ്റ് നേടിയ അര്‍ഷാദ് ഇഖ്ബാലും പാക്ക് ബോളിങ്ങില്‍ തിളങ്ങി. ക്വാര്‍ട്ടര്‍ ഫൈനല്‍ അടക്കം ഇതുവരെയുള്ള നാലു മല്‍സരങ്ങളും വന്‍മാര്‍ജിനില്‍ ജയിച്ചുകയറിയാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മല്‍സരത്തില്‍ ഓസീസിനെ 100 റണ്‍സിനു തോല്‍പിച്ച ശേഷം തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ പാപുവ ന്യൂഗിനി, സിംബാബ്‌വെയെ എന്നിവര്‍ക്കെതിരെ പത്തു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയ ഇന്ത്യ ക്വാര്‍ട്ടറിലും മോശമാക്കിയില്ല. ബംഗ്ലദേശിനെ തോല്‍പിച്ചത് 131 റണ്‍സിന്. ബാറ്റിങ്ങില്‍ ഉജ്വല ഫോമിലായ ശുഭ്മാന്‍ ഗില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമാണ്.

മറുഭാഗത്ത് ടൂര്‍ണമെന്റില്‍ പാകിസ്താന്റെ മുന്നേറ്റം അനായായമായിരുന്നില്ല. ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനോടു തോറ്റ ടീം തുടര്‍ന്നുള്ള മൂന്നുമല്‍സരങ്ങളിലും വിജയം കണ്ടു. ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ മൂന്നുവിക്കറ്റിന്റെ ജയത്തോടെ പാകിസ്താന്‍ കടന്നുകൂടുകയായിരുന്നു.