ഇന്ത്യന്‍ വാഹനവിപണി കീഴടക്കാന്‍ സെമി ഓട്ടോമാറ്റിക് കാറുകള്‍ ഉടന്‍ എത്തും

0
63

കാര്‍ ഓടിക്കുന്നത് ആയാസകരമാക്കാന്‍ സെമി ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ ഉടനെത്തുന്നു. ജര്‍മന്‍ കമ്പനിയായ ഷാഫ്ലര്‍ ടെക്നോളജീസാണ് സെമി ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കാവശ്യമായ ഇലക്ട്രോണിക് ക്ലച്ച് വികസിപ്പിക്കുന്നത്.

ക്ലച്ച് ഇല്ലാതെ തന്നെ ഗിയര്‍ മാറ്റാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്ന സെമി ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ ഉടനെത്തുന്നു. ഇലക്ട്രോണിക് ക്ലച്ച് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുള്ള വാഹനത്തില്‍ ആക്സിലേറ്റര്‍, ബ്രേക്ക് പെഡലുകളുണ്ടാകും.

ഇന്ത്യന്‍ വാഹന വിപണിയില്‍ ഓട്ടോമേഷന്‍ നടപ്പാക്കാനാവശ്യമായ ശക്തമായ സംവിധാനം ഷാഫ്ലറിന്റെ പക്കലുണ്ടെന്നും എഎംടി ആപ്ലിക്കേഷനുകളേക്കാള്‍ ഇ-ക്ലച്ച് സംവിധാനത്തിന് വളരെ ചെലവു കുറവായിരിക്കുമെന്നും ഷാഫ്ലര്‍ ഇന്ത്യന്‍ സിഇഒയും പ്രസിഡന്റുമായ ധര്‍മേഷ് അറോറ പറഞ്ഞു.

ആറ് ലക്ഷം രൂപയില്‍ താഴെ വരുന്ന എന്‍ട്രി ലെവല്‍ കാറുകളിലാവും പ്രധാനമായും ഇ-ക്ലച്ച് സംവിധാനം ഉപയോഗിക്കുന്നത്. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് കാറുകളിലെ മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ പുതിയ ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് പുനസ്ഥാപിക്കാനുമാകും. 2018 പകുതിയോടെ ഇത്തരത്തിലെ വാഹനങ്ങള്‍ പുറത്തിറങ്ങുമെന്നാണ് സൂചന.