കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരെന്ന് കെ.എം.മാണി

0
61

കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം.മാണി. കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നതു കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണെന്നും കെ.എം.മാണി വിമര്‍ശിക്കുന്നു. കേരള കോണ്‍ഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തിലായിരുന്നു മാണിയുടെ വിമര്‍ശനം.

കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴും കേരളം ഭരിക്കുമ്പോഴും കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളുണ്ടായപ്പോള്‍ കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ ഉണ്ടായതും യുപിഎ ഭരണ കാലത്താണ്. അന്ന് കര്‍ഷകര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ താനുള്‍പ്പടെയുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തന്റെ ശ്രമം വിഫലമാക്കിയെന്നും കെ.എം.മാണി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

1987-ല്‍ താന്‍ ധനമന്ത്രിയായിരുന്ന കാലത്ത് മലയോര മേഖലകളില്‍ പട്ടയം വിതരണം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളെയും കോണ്‍ഗ്രസ് തുരങ്കം വെച്ചെന്നും മാണി പറയുന്നു. മലയോര മേഖലകളില്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് വിറളിപിടിച്ചാണ് കോണ്‍ഗ്രസ് തന്റെ ശ്രമങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നും മാണി പറയുന്നു. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ എ.കെ.ജിയോടൊപ്പം സമരം ചെയ്ത സ്മരണയും ലേഖനത്തില്‍ മാണി എടുത്ത് പറയുന്നുണ്ട്. കൂടാതെ ലേഖനത്തില്‍ സി.പി.എമ്മിനെതിരെ യാതൊരു വിമര്‍ശനവും ഇല്ല എന്നതും ശ്രദ്ധേയമാണ്.

യു.ഡി.എഫിലേക്ക് ഇല്ലെന്ന് മാണി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍.ഡി.എഫിനോട് അടുക്കുന്നതായുള്ള സൂചനയായിട്ടു വേണം ലേഖനത്തെ കാണാനെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.