കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ തുക ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

0
44

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ തുക ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷനെന്നും പെന്‍ഷന്‍ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്നും ഹൈക്കോടതി അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കുന്നതിനുള്ള കാരണമല്ല. സേവനകാലത്ത് രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവരുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ട്രഷറി അക്കൗണ്ട് വേണമെന്ന് 2002ല്‍ കോടതി ഉത്തരവിട്ടിരുന്നതാണ്. ഇത് നടപ്പിലാക്കുകയായിരുന്നെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നു പറഞ്ഞ അദ്ദേഹം പെന്‍ഷന്‍കാര്‍ക്ക് പണം മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.