കെട്ടിടത്തില്‍ നിന്ന് വീണ ആളെ ആശുപത്രിയിലെത്തിച്ച രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം

0
54

തിരുവനന്തപുരം: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ആളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായ അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം. രഞ്ജിനിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് എറണാകുളം പത്മ ജംഗ്ഷനിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് സജി എന്ന യുവാവ് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ കണ്ടുനിന്നവര്‍ ആരും തയ്യാറായില്ല. എന്നാല്‍ മറ്റുള്ളവര്‍ മടിച്ചുനിന്നപ്പോള്‍ റോഡില്‍ കിടന്ന സജിയെ അഡ്വ. രഞ്ജിനിയാണ് ആശുപത്രിയിലെത്തിച്ചത്.

സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തില്‍ മുഖ്യമന്ത്രി അഡ്വ. രഞ്ജിനിയെ അഭിനന്ദിച്ചത്. ഇന്നലെ നടന്‍ ജയസൂര്യയും രഞ്ജിനിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.