കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

0
48

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി. പെന്‍ഷന്‍ കെ.എസ്.ആര്‍.ടി.സി തന്നെ നല്‍കും. അതിന് കെ.എസ്.ആര്‍.ടി.സിയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍കാര്‍ക്ക് പണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൊണ്ടാണ് പെന്‍ഷന്‍ മുടങ്ങിയ സാഹചര്യം ഉണ്ടായത്. പെന്‍ഷന്‍ പൂര്‍ണമായും നല്‍കാന്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ വരവിനേക്കാള്‍ ചിലവാണ് കൂടുതല്‍. 2017-18ലെ സഞ്ചിത നഷ്ടം 7966 കോടിയാണ്. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി വരുന്നു. ഡീസല്‍ വില വര്‍ധന കാരണം 10 കോടിയുടെ അധിക ചിലവ്. പ്രഖ്യാപിച്ച തുക നല്‍കാനോ ചുരുങ്ങിയ തുകക്ക് വായ്പ ലഭ്യമാക്കാനോ മുന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

വായ്പാ തിരിച്ചടവില്‍ പ്രതിമാസം 60 കോടി കുറവുണ്ടാകും. ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് വായ്പ ഫെബ്രുവരിയില്‍ പ്രതീക്ഷിക്കുന്നു. പെന്‍ഷന്‍ ബാധ്യത പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.