ഗൗരി ലങ്കേഷ് വധം: അന്വേഷണത്തില്‍ സഹോദരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

0
35

 

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ സഹോദരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് സഹോദരന്‍ ഇന്ദ്രജിത് ആവശ്യപ്പെടുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്ന നിലപാടാണ് സഹോദരി കവിത ലങ്കേഷിനുള്ളത്.

പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ട് അഞ്ചു മാസത്തോളമായെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണം മുന്നോട്ടുപോകുന്നത് ഏകപക്ഷീയമായിട്ടാണെന്നും രാഷ്ട്രീയ താത്പര്യങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതായി സംശമുണ്ടെന്നും ഇന്ദ്രജിത് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ 56-ാം ജന്മദിനമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായി അന്വേഷണ സംഘം ശ്രമിക്കുകയാണെന്നും അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ സംഘം തന്നെയും അമ്മയെയും അറിയിക്കാറുണ്ടെന്നും കവിത പറഞ്ഞു. ഇന്ദ്രജിത്തിന്റെ സിബിഐ അന്വേഷണമെന്ന ആവശ്യത്തിനു പിന്നില്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതെയാണ് ഇന്ദ്രജിത് അഭിപ്രായപ്രകടനം നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഗൗരി ലങ്കേഷിന്റെ ജന്മദിനമായ ഇന്നലെ ബംഗളൂരുവില്‍ ‘ഗൗരി ദിന’മായി ആചരിച്ചിരുന്നു. നടന്‍ പ്രകാശ് രാജ്, ജിഗ്‌നേഷ് മേവാനി, കനയ്യകുമാര്‍, ഷഹ്ല റാഷിദ്, ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചടങ്ങില്‍ നിന്ന് സഹോദരന്‍ ഇന്ദ്രജിത് വിട്ടുനിന്നു.