തൂവാനത്തുമ്പികള്‍ക്കുമപ്പുറം പത്മരാജന്‍ അനശ്വരനാണ്‌

0
82

അജീഷ് രാമന്‍

‘മരിച്ചു കഴിഞ്ഞു ജനിച്ച കവി!’ നന്ദിതയെക്കുറിച്ച് ഈയിടെ വായിച്ച വളരെ അര്‍ത്ഥവത്തായ ഒരു ഹൈക്കുവാണ്. മരണമില്ലാത്ത കലാകാരന്മാരെ പക്ഷേ ‘അവരുടെ കാലം’ എത്ര മാത്രം സ്വീകരിച്ചു എന്നത് പുനര്‍വായനയിലെടുക്കേണ്ട കാര്യം. മലയാള സിനിമയിലും സാഹിത്യത്തിലും 1970 മുതല്‍ 1991 വരെ അടയാളപ്പെടുത്തി വച്ചൊരു ഗന്ധര്‍വ്വ കാലം ഉണ്ടായിരുന്നു. ഒടുവില്‍ പറഞ്ഞതിലേറേ പറയാതെ ബാക്കിവെച്ച് അയാള്‍ ദേവാങ്കണങ്ങളിലേയ്ക്ക് തന്നെ പടിയിറങ്ങിപ്പോയി. ഇന്നുകള്‍ അദ്ദേഹത്തെപ്പോലൊരു പ്രതിഭയെ ആദരിക്കുന്നു, അംഗീകരിക്കുന്നു, ആഘോഷിക്കുന്നു എന്നതില്‍ സന്തോഷം. പക്ഷേ അയാളുടെ കാലത്ത് അയാള്‍ ചെയ്തതെന്തോ അത്, എത്രമാത്രം അന്ന് പ്രേക്ഷകരിലെക്കെത്തി എന്നതിനും ഇന്ന് കേവലം ‘തൂവാനത്തുമ്പികളില്‍’ മാത്രം ആഘോഷിക്കപ്പെടേണ്ടതല്ല അദ്ദേഹം എന്നുമുള്ള പൂര്‍ണ ബോധ്യത്തിന് ശേഷം മാത്രം.

1989ല്‍ പത്മരാജന്റെ എഴുത്തിലും സംവിധാനത്തിലും വന്ന് ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട സിനിമയാണ് സീസണ്‍. 2015ല്‍ ഇറങ്ങി പ്രേക്ഷക, നിരൂപക പ്രശംസ നേടിയ’ശ്രീറാം രാഘവന്റെ’ ഹിന്ദി ചിത്രമായ ബദ്ലാപൂരിന്റെ ടോണിലുള്ള ഒരു റിവെഞ്ച് ത്രില്ലര്‍. മലയാളത്തില്‍ ‘നവനിര സിനിമകള്‍ക്ക് തറക്കല്ലിടല്‍’ 2011ല്‍ റിലീസായ ‘ട്രാഫിക്’ എന്ന രാജേഷ് പിള്ളയുടെ രണ്ടാം സിനിമയിലൂടെയാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ശേഷം വന്ന ധീരമായ ചലച്ചിത്ര പരീഷണങ്ങളിലെ പൊതുസ്വഭാവം അതിന്റെ നോണ്‍ലീനിയര്‍ നറേഷനായിരുന്നു. മേല്‍പ്പറഞ്ഞ ‘സീസണ്‍’ സിനിമയെ ഏറ്റവും ശ്രദ്ധേയമാക്കുന്നതും, 90കള്‍ക്ക് മുന്‍പേ പറഞ്ഞ അതിന്റെ ക്രമാനുഗതമല്ലാത്ത ആഖ്യാനം തന്നെ. ‘ഒരു നായകന്‍ വില്ലനോട ്പ്രതികാരം ചെയ്യുന്നു’ എന്ന ബേസ് ലൈനിനെ എത്രമാത്രം വ്യത്യസ്തമായി അവതരിപ്പിച്ചു എന്നിടത്താണ് സീസണ്‍ മനസില്‍ തങ്ങുന്ന ഒരു ചലച്ചിത്രാനുഭവമാകുന്നത്.

‘വീണ്ടും എനിക്ക് തെരുവ് വിളക്കുകള്‍ നഷ്ടമാകാന്‍ പോകുന്നു, ഇത്തവണ എത്രകാലത്തേക്കാണെന്നറിയില്ല, പക്ഷേ ഒരാശ്വാസമുണ്ട്, ഇപ്രാവശ്യം എനിക്കെതിരെ സാഹചര്യത്തളിവുകള്‍ ഒന്നുമില്ല, ഉള്ളത് മുഴുവന്‍ തെളിവുകളാണ്. എന്റെ ദേഹത്തും ഷര്‍ട്ടിലും വരെ തെളിവുകള്‍. മറ്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതിനൊരുപാട് സുഖമുണ്ട്.’ ഫാബിയേനെ കൊന്ന് ‘ജീവന്‍’ വാനില്‍ തിരിച്ച് ജയിലിലേയ്ക്ക് തന്നെ പോകുമ്പോഴുള്ള ഈ കൈമാക്സ് നറേഷനില്‍ തന്നെ കാണം, സാഹചര്യങ്ങള്‍ക്കൊത്ത് സീസണുകള്‍ പോലെ തന്നെ മാറേണ്ടി വരുന്ന മനുഷ്യനെ. ‘എല്ലാം നഷ്ടപ്പെട്ടുപ്പോയ ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ കഥ’ അവസാനിക്കുന്നതും ജീവന്റെ നീഗൂഡമായ ഒരു ചിരിയില്‍ തന്നെ. പത്മരാജന്റെ തന്നെ രണ്ടിലേതോ ഒരു ‘അപരനും’ പണ്ട് ചിരിച്ചുനിര്‍ത്തിയ അതേയൊരു ചിരി.

‘നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ പത്മരാജന്റെ വാണിജ്യം വിജയം രുചിച്ചൊരു സിനിമയായിരുന്നു. 1986ല്‍ റിലീസായ സിനിമ ഒരുപാട് തലങ്ങളില്‍ പറഞ്ഞും ചര്‍ച്ച ചെയ്തും കഴിഞ്ഞതാണ്. എങ്കിലും പടം പ്രദര്‍ശിപ്പിച്ച കാലത്തിന്റെ രാഷ്ട്രീയത്തില്‍, സിനിമയില്‍ നായകന്‍ എത്ര വലിയ അസന്മാര്‍ഗികനും തെമ്മാടിയും ആയിരുന്നാല്‍പ്പോലും നായിക പരിശുദ്ധിയുള്ളവളായിരിക്കണം. വിശുദ്ധിയുടെ പ്രതീകമായി സ്ത്രീയുടെ’കന്യാചര്‍മ്മം’ കാലങ്ങളോളം നായകനുമാത്രമായി നിലനില്‍ക്കുകയും വേണം. (ഏറ്റവും കൗതുകം സാക്ഷാല്‍ രജ്ജിത്ത് പോലും 2005ല്‍ ചന്ദ്രോത്സവത്തില്‍ ഈ അലിഖിത നിയമം പിന്തുടര്‍ന്നു എന്നതാണ്). ഇത്തരമൊരു സങ്കല്പത്തിന്റെ പൊളിച്ചെഴുത്താണ് മുന്തിരിത്തോപ്പുകളുടെ ക്ലൈമാക്സ്.

രണ്ടാനച്ഛനാല്‍ ബലാല്‍സംഗത്തിനിരയായ സോഫിയെ സ്വീകരിക്കരുതെന്ന സോളമന്റെ അമ്മയുടെ നിലപാട് പൊതുസമൂഹ ബോധത്തിന്‍േറതു കൂടിയാണ്. ഒടുവില്‍ സോഫിയെ വിളിച്ചറക്കി തന്റെ മുന്തിരിതോപ്പുകളിലേയ്ക്ക് പുതഞ്ഞുകിടക്കുന്ന മഞ്ഞിനെ മുറിച്ച് ടാങ്കര്‍ ലോറിയില്‍ അവര്‍ പോകുന്നിടമാണ് സിനിമയുടെ ക്ലാസിക് ക്ലൈമാക്സ്. ടാങ്കര്‍ ലോറിയെക്കൂടി ബിംബവല്‍ക്കരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ആ കാലത്ത് ലോറി എന്നത് വില്ലന്റെ വാഹനമായിരുന്നു. ബാലന്‍ കെനായര്‍ വില്ലനും നായര്‍ക്ക് എപ്പോഴുമൊരു ലോറിയും എന്നത് കുട്ടി-പെട്ടി-മമ്മൂട്ടി എന്നപോലൊരു ഫോര്‍മുലയായയിരുന്നു.