പണമിടപാട് വിവാദം: അറബി കേരളത്തിലേക്ക് വന്ന് ബുദ്ധിമുട്ടേണ്ടെന്ന് കോടിയേരി

0
49

തൃശൂര്‍: മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പണമിടപാട് വിവാദത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ പ്രശ്നമൊന്നുമില്ലല്ലോ ഉണ്ടെങ്കിലല്ലേ പരിഹരിക്കേണ്ടതുള്ളൂ. ആരോപണവിധേയനായ ബിനോയ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പറയപ്പെടുന്ന കാര്യങ്ങള്‍ ദുബായിലാണ് നടന്നിരിക്കുന്നതെന്നും അതിനാല്‍ തന്നെ അത് അവിടെയാണ് തീര്‍ക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

പണമിടപാടില്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്താത്ത പക്ഷം വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കമ്പനി ഉടമ ഒരുങ്ങുന്നവെന്ന വിവരത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. ബിനോയ്ക്കെതിരെ പരാതി നല്‍കിയ ആള്‍ കേരളത്തിലേക്ക് വന്ന് ബുദ്ധിമുട്ടേണ്ട. ബിനോയ് ദുബൈയിലുണ്ട്. അപ്പോള്‍ യുഎഇ പൗരന്‍ എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു. നിയമനടപടികള്‍ അവിടെ സ്വീകരിക്കാവുന്നതാണ്. പണിടപാട് സംബന്ധിച്ച് പ്രശ്നങ്ങളൊന്നും തനിക്ക് മുന്നിലില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെ. മാധ്യമവാര്‍ത്തകളില്‍ തകരുന്നതല്ല പാര്‍ട്ടിയെന്നും കോടിയേരി പറഞ്ഞു. പണമിടപാട് വിഷയത്തില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ആരും തന്നെ ബന്ധപ്പെട്ടിട്ടുമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെങ്കില്‍ ബിനോയ് നടപടിക്ക് വിധേയനാകട്ടെ. സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞതിനപ്പുറം ഒന്നും വിശദീകരിക്കാനില്ലെന്നും കോടിയേരി അറിയിച്ചു.