ബംഗാളില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 36 മരണം

0
44

ബഹറാംപുര്‍: ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബലിര്‍ഘട്ടില്‍ ബസ് കനാലിലേക്കു മറിഞ്ഞു 10 സ്ത്രീകള്‍ ഉള്‍പ്പെടെ 36 പേര്‍ മരിച്ചു. ഇന്നലെ രാവിലെ ആറിനു പാലത്തിന്റെ കൈവരി തകര്‍ത്താണു ബസ് ഗോഗ്ര കനാലിലേക്കു പതിച്ചത്. ശിഖര്‍പുരില്‍ നിന്നു മാല്‍ഡയിലേക്കു പോവുകയായിരുന്ന, സംസ്ഥാന ഗതാഗത വകുപ്പിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല. രാവിലെ പ്രദേശത്തു കനത്ത മഞ്ഞുണ്ടായതായി പറയുന്നു. 60 പേര്‍ ബസ്സിലുണ്ടായിരുന്നതായാണ് അനൗദ്യോഗിക വിവരം. ഇതുവരെ 32 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 25 പേരെ തിരിച്ചറിഞ്ഞു. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതിനിടെ, രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ചു റോഡിലിറങ്ങിയ ജനക്കൂട്ടം പൊലീസ് വാഹനം കത്തിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ദേശീയ ദുരന്ത നിരവാരണ സേനയും സ്ഥലത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.