ബാഹുബലി താരം റാണ ദഗ്ഗുപതി ഇനി മാര്‍ത്താണ്ഡവര്‍മ്മ

0
96

ബാഹുബലിയില്‍ പ്രതിനായകനായ ബല്ലാലദേവനെ അനശ്വരനാക്കിയ റാണ ദഗ്ഗുപതി മലയാളത്തിലേക്ക്. സംവിധായകന്‍ കെ മധു വിന്റെ പുതിയ ചിത്രമായ ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ-ദി കിംഗ് ഓഫ് ട്രാവന്‍കൂറി’ല്‍ മാര്‍ത്താണ്ഡവര്‍മ്മയിലൂടെയാണ് റാണ ദഗ്ഗുപതി മലയാളത്തിലേക്ക് എത്തുന്നത്.

1729 മുതല്‍ 1758 വരെ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവിതവും സാഹസിക പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

റോബിന്‍ തിരുമലയാണ് ചിത്രത്തിന്റെ തിരക്കഥ. റസൂല്‍ പൂക്കുട്ടി, കീരവാണി, പീറ്റര്‍ ഹെയ്ന്‍ തുടങ്ങിയ പ്രമുഖര്‍ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കും.

ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി റാണ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി. കഴിഞ്ഞ ദിവസം റാണയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ഫോട്ടോ കെ മധു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച റാണ കവടിയാര്‍ കൊട്ടാരത്തില്‍ എത്തി രാജകുടുംബവുമായി കൂടിക്കാഴ്ച നടത്തി. ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും ചിത്രത്തില്‍ തെരഞ്ഞെടുത്തത്തില്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവരോട് നന്ദിയുണ്ടെന്നും റാണ ദഗ്ഗുപതി പറഞ്ഞു.