റോഡ്‌പരിപാലന സര്‍ക്കുലര്‍ കെഎസ്ടിപി അഴിമതിക്കുള്ള മറ; പൈപ്പ് കണക്ഷന് മണ്ണ് മാറ്റാനുള്ള  അനുമതിക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ

0
104

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: റോഡ്‌പരിപാലന സര്‍ക്കുലര്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ അഴിമതിക്കുള്ള മറയാക്കുന്നു. ദേശീയ പാതാ സര്‍ക്കുലര്‍ മറയാക്കിയാണ്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടി സമീപിക്കുന്നവരെ കെഎസ്ടിപി പിഴിയുന്നത്.

ദേശീയ പാതാ  റോഡ്‌പരിപാലന സര്‍ക്കുലര്‍ നല്ല മറയാണെന്ന് കണ്ട കെഎസ്ടിപിയിലെ മിടുക്കരാണ് ജനങ്ങളെ പിഴിഞ്ഞ് പണം ഈടാക്കുന്നത്. കെഎസ്ടിപി റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കെഎസ്ടിപി നല്‍കുന്ന അനുമതി നിലവില്‍ ജനങ്ങള്‍ക്ക് തലവേദനയാണ്.

ദേശീയ പാതാ സര്‍ക്കുലര്‍ പ്രകാരമാണ് പൈപ്പ് കണക്ഷന്‍ എടുക്കാനും താര്‍ ഇളക്കാനും ചാര്‍ജ് കെഎസ്ടിപി ഈടാക്കുന്നത്. സ്ക്വയര്‍ മീറ്ററിന് മിനിമം 264 രൂപയാണ് കെഎസ്ടിപി റോഡിലെ മണ്ണ് മാറ്റാന്‍  സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചത്.

താര്‍ മാറ്റുമ്പോള്‍ അത് സ്ക്വയര്‍ മീറ്ററിന് 946 ഉം 3854 രൂപയും ആയി മാറും. ആദ്യ സ്ലാബ് ആകര്‍ഷകമല്ല. പക്ഷെ അതിനു തൊട്ടു താഴെയുള്ള രണ്ടു സ്ലാബുകളും ആകര്‍ഷകമാണ്. അത് താര്‍ നെടുകെ കീറാനും പുനസ്ഥാപിക്കാനും ഉദ്ദേശിച്ചുള്ളതാണ്.

പൈപ്പ് കണക്ഷന്‍ എടുക്കാന്‍ മണ്ണ് മാറ്റേണ്ട ആവശ്യം മാത്രമേ ഉള്ളുവെങ്കില്‍ സ്ക്വയര്‍ മീറ്ററിന് 264 രൂപ മതി. ഇത് കെഎസ്ടിപി അധികൃതര്‍ താര്‍ നെടുകെ കീറേണ്ട സ്ലാബിലേക്ക് മാറ്റും. സ്ലാബ് മാറ്റാന്‍ കൈക്കൂലി മതി. കൈക്കൂലി നല്‍കിയില്ലെങ്കില്‍ സ്ലാബ് ഉദ്യോഗസ്ഥരുടെ ഇഷ്ട പ്രകാരം മാറും. നല്‍കുന്ന തുക അനുസരിച്ച് സ്ലാബ് ഒന്നിലേക്കും രണ്ടിലേക്കും മാറും. ഇനി മൂന്നാമത്തെ സ്ലാബ് വേണ്ട നിര്‍മ്മാണ പ്രവര്‍ത്തമാണെങ്കില്‍ കൈക്കൂലി തുക അനുസരിച്ച് അത് വെറും മണ്ണ് മാറ്റിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനമായും ഒതുങ്ങും.

നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള സ്ലാബുകള്‍ വന്‍ അഴിമതിയ്ക്കുള്ള മറയാകുകയാണ്. മണ്ണ് മാറ്റേണ്ട ആവശ്യമേയുള്ളൂവെങ്കില്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് ഇടുമ്പോള്‍ താര്‍ കീറുന്ന റേറ്റും ഒപ്പം പുനസ്ഥാപിക്കുന്നതിനുമായുള്ള റേറ്റ് ആണ് ഈടാക്കുന്നത്. താര്‍ മാറ്റുമ്പോള്‍ അത് സ്ക്വയര്‍ മീറ്ററിന് 946 ഉം 3854 രൂപയും ആക്കി മാറ്റും.

മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞാണ് ഈ സ്ലാബ് മാറ്റുന്നത്. താര്‍ മാറ്റേണ്ട ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍കൂടി കെഎസ്ടിപി താര്‍ കീറുന്ന ചാര്‍ജ് കൂടി ഈടാക്കും. ഇങ്ങിനെ മുട്ടാപ്പോക്ക് പറഞ്ഞു സ്ലാബ് മാറ്റിയാല്‍ 10000 രൂപയില്‍ താഴെ വരുന്ന മണ്ണ് മാറ്റല്‍ പ്രക്രിയക്ക് സര്‍ക്കാരിലേക്ക് അടക്കേണ്ട തുക ലക്ഷങ്ങള്‍ തന്നെ ആകും.

താര്‍ മാറ്റാതെയുള്ള ഒരു പൈപ്പ് കണക്ഷന് വേണ്ടി എങ്ങിനെ രണ്ടു ലക്ഷം രൂപ വരെ മുടക്കാന്‍ കഴിയും എന്നാണ് ജനങ്ങളുടെ ചോദ്യം. കൊട്ടാരക്കര കെഎസ്ടിപി ഓഫീസിനു നേരെയാണ് പരാതികള്‍ പ്രവഹിക്കുന്നത്. കൈക്കൂലി നല്‍കാന്‍ തയ്യാറായാല്‍ സ്ലാബ് മാറും.കൈക്കൂലി നല്‍കിയില്ലെങ്കില്‍ സ്ലാബ് കയറും.

പൈപ്പ് കണക്ഷന്  ലക്ഷങ്ങള്‍ വരും എന്ന് വരുമ്പോള്‍ കൈക്കൂലി നല്‍കി കാര്യം നടത്തേണ്ട അവസ്ഥ വരും. നിലവിലെ ഈ അവസ്ഥയാണ്  കെഎസ്ടിപി ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നത് എന്നാണ് ആരോപണം ഉയരുന്നത്. താര്‍ കീറി പൈപ്പ് കണക്ഷന്‍ എടുക്കണമെങ്കില്‍ ആവശ്യക്കാര്‍ ലോണ്‍ എടുക്കേണ്ടി വരും.

കൈക്കൂലി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ താര്‍ കീറേണ്ട അവസ്ഥയുണ്ടെങ്കില്‍ ഈ ലോണ്‍ തുക 10 ലക്ഷം വരെ ഉയരും. 104 മീറ്ററില്‍ വെറും മണ്ണ് മാത്രം മാറ്റി ഒരു പൈപ്പ് കണക്ഷന് മുക്കാല്‍ ഇഞ്ച് പൈപ്പ് ഇടാന്‍ ആവശ്യപ്പെട്ട ഒരു സ്ഥാപനത്തോട് കൊട്ടാരക്കര കെഎസ്ടിപി ഓഫിസ് ആദ്യം ആവശ്യപ്പെട്ടത് 50000 രൂപയാണ്.

താര്‍ മാറ്റേണ്ട ആവശ്യമില്ലാത്ത സ്ഥാപനത്തോട് രണ്ടാമത്  നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം ഒന്നേമുക്കാല്‍ ലക്ഷം രൂപ നല്‍കണം. വെറും മണ്ണ് മാത്രം നീക്കിയുള്ള പൈപ്പ് കണക്ഷനാണ് ഈ തുക  ഇവര്‍ ആവശ്യപ്പെട്ടത്. അനുമതി പത്രത്തിനാണ് ഇത്രയും തുക. കാരണം കണക്ഷന്‍ നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയാണ്. കെഎസ്ടിപിയല്ല.

പക്ഷെ റോഡ്‌ കെഎസ്ടിപിയുടേത് ആയതിനാല്‍ ഇവരുടെ അനുമതി പത്രം വേണം. താര്‍ കീറേണ്ട ആവശ്യമില്ലാ എന്ന് മനസിലായപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ സാക്ഷ്യപത്രം പ്രകാരം വീണ്ടും അപേക്ഷിച്ചപ്പോള്‍ എസ്റ്റിമേറ്റ് തുക ഒരു ലക്ഷത്തി എഴുപത്തിയെട്ട് ലക്ഷമായി. മുട്ടാപ്പോക്ക് നയമാണ് ഇവര്‍ പറയുന്നത്

ഇനിയും വലുതാകുന്ന റോഡ്‌ ആണ്. ഒന്നര മീറ്റര്‍ താഴ്ചയില്‍ കുഴി എടുക്കേണ്ടി വരും. റോഡ്‌ റോളര്‍ നീങ്ങുമ്പോള്‍ പൈപ്പ് പൊട്ടും. അതുകൊണ്ട് ഈ തുക തന്നെ നല്‍കണം. ഒരു വാട്ടര്‍ കണക്ഷന് നല്‍കേണ്ടി വരുന്ന തുക രണ്ടു ലക്ഷം രൂപയോ? ചോദ്യം ഉയരുന്നു.

വിചിത്രമായ വസ്തുത കെഎസ്ടിപിയുടെ മൌന സമ്മതത്തോടെ പലരും കണക്ഷനുകള്‍ എടുത്തിട്ടുണ്ട്. ചെറിയ തുക മാത്രം നല്‍കിയാണ് ഈ കണക്ഷനുകള്‍ പലരും എടുത്തിട്ടുള്ളത്‌. താര്‍ മാറ്റേണ്ട ആവശ്യമില്ലാത്ത പൈപ്പ് കണക്ഷന് അനുമതി നല്‍കാന്‍ താര്‍ കീറുന്ന സ്ലാബിലെ തുക നല്‍കേണ്ട സാഹചര്യം വിശദീകരിക്കാന്‍ കെഎസ്ടിപി ഹെഡ് ഓഫിസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ആര്‍.ബിജുവിനും കഴിയുന്നില്ല.

കെഎസ്ടിപിയുടെ വര്‍ക്ക് സൈറ്റില്‍ പോയി അതാത് സെക്ഷനിലെ എഞ്ചിനീയര്‍മാരാണ് തുകയ്ക്കുള്ള എസ്റ്റിമേറ്റ് നല്‍കുന്നത്. താര്‍ മാറ്റേണ്ട എന്ന് പറഞ്ഞാല്‍ താര്‍ മാറ്റേണ്ട. പക്ഷെ താര്‍ മാറ്റണം. ഈ സ്ലാബിലെ തുക ഈടാക്കണം എന്ന് അസിസ്റ്റന്റ്റ് എഞ്ചിനീയര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിനു ഒന്നും ചെയ്യാന്‍ കഴിയില്ല. കെ.ആര്‍.ബിജു 24 കേരളയോടു പറഞ്ഞു.

പൈപ്പ് കണക്ഷന്‍ അടക്കമുള്ള ഒരേ കാര്യങ്ങള്‍ക്ക് ഒരേ സ്ഥലത്ത് വ്യത്യസ്ത തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിനു നിങ്ങള്‍ക്ക് നിയമനടപടി സ്വീകരിക്കാം എന്ന് മാത്രമാണ് ബിജു പറഞ്ഞത്.

കൊട്ടാരക്കര കെഎസ്ടടിപി ഓഫിസില്‍ 24 കേരള അന്വേഷിച്ചപ്പോള്‍ അത് ഞങ്ങള്‍ സൈറ്റില്‍ പോയി തുക മാര്‍ക്ക് ചെയ്യുന്നതാണ്. എല്ലാം ആളുകളെ ഞങ്ങള്‍ ബോധ്യപ്പെടുത്താറുണ്ട്. കെഎസ്ടിപി കൊട്ടാരക്കര ഓഫീസിലെ അസിസ്റ്റന്റ്റ് എഞ്ചിനീയര്‍ രാഖി 24 കേരളയോട് പറഞ്ഞു.

മണ്ണ് മാറ്റി മാത്രം ചെയ്യാവുന്ന പൈപ്പ് കണക്ഷന് എന്തുകൊണ്ട് താര്‍ കീറുന്ന ചാര്‍ജ് ഈടാക്കാന്‍ തീരുമാനിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ ആ പൈപ്പ് കണക്ഷന് മണ്ണ് മാറ്റിയാലും താര്‍ കീറുന്ന ചാര്‍ജ് നല്‍കേണ്ടി വരും. ആ തീരുമാനം ഞങ്ങള്‍ എടുത്തിട്ടുണ്ട്- രാഖി പറയുന്നു. ദേശീയ പാതാ  റോഡ്‌ പരിപാലനത്തിനു  പുറപ്പെടുവിച്ച സര്‍ക്കുലര്‍ കെഎസ്ടിപി വന്‍ അഴിമതിയ്ക്ക് ഉള്ള മറയാക്കി മാറ്റുകയാണ്.