വര്‍ണവിവേചനം;ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഫോട്ടോ വിവാദത്തിലേക്ക്

0
121

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഫോട്ടോ വിവാദത്തിലേക്ക്. മഹാത്മാ ഗാന്ധിയുടേയും നെല്‍സണ്‍ മണ്ടേലെയുടെയും പേരില്‍ നടക്കുന്ന ഫ്രീഡം ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കെതിരേ 2-1 ന് വിജയം നേടിയ ശേഷം എടുത്ത ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ വിവാദമായി മാറിയിരിക്കുന്നത്.

ഹഷീം ആംല, ആന്‍ഡില്‍ ഫെലുവായോ, ലുംഗി എന്‍ഗിഷി, കാഗിസോ റബാഡ, വെര്‍നോണ്‍ ഫിലാണ്ടര്‍, കേശവ് മഹാരാജ് എന്നിങ്ങനെ കറുത്ത വര്‍ഗ്ഗക്കാര്‍ ഇടതു വശത്തും നായകന്‍ ഫാഫ് ഡ്യുപ്ളെസിസ്, ഡീന്‍ എല്‍ഗാര്‍, എബി ഡിവിലിയേഴ്സ്, മോര്‍നേ മോര്‍ക്കല്‍, ഡ്യൂവാണേ ഒളിവര്‍, ക്രിസ് മോറിസ്, ഡെയ്ല്‍ സ്റ്റെയ്ന്‍, ക്വിന്റണ്‍ ഡീക്കോക്ക്, എയ്ഡന്‍ മാര്‍ക്രാം എന്നിങ്ങനെ ടീമിലെ വെള്ളക്കാര്‍ വലതു വശത്തുമായിട്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇത് ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ണവിവേചനമാണ് തുറന്ന് കാട്ടുന്നതെന്നാണ് ലോകമെമ്പാടും ഉയരുന്ന വിമര്‍ശനങ്ങള്‍.

വര്‍ണ്ണവിവേചനം മൂലം ദക്ഷിണാഫ്രിക്കന്‍ ടീമിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നത് ദശകങ്ങളോളമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പര്യടനം നടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചതായാലും ആകസ്മികമാണെങ്കിലും ടീം എടുത്ത ഒരു ഫോട്ടോ അവരെ സമാന വിവാദത്തില്‍ വീണ്ടും എത്തിച്ചിരിക്കുകയാണ്.

വര്‍ണ്ണവിവേചനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിട്ട ക്രിക്കറ്റ് ടീമുകളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. 1948 നും 1991 നും ഇടയില്‍ വര്‍ഷങ്ങളോളമാണ് ടീം ക്രിക്കറ്റില്‍ വിവേചനം നേരിട്ടത്. ഈ വിവാദം നേരിടുമ്പോഴും ഫീല്‍ഡില്‍ അങ്ങേയറ്റം സൗഹൃദമായിരുന്നു ടീം കാട്ടിയിരുന്നത് എന്നതും എടുത്തു പറയേണ്ടതുണ്ട്. ടീമിന് വേണ്ടി നിര്‍ണ്ണായകമായ വിക്കറ്റ് എടുത്തതിന് പിന്നാലെ കറുത്തവര്‍ഗ്ഗക്കാരനായ കാഗിസോ റബാഡയുടെ തലയില്‍ നായകന്‍ ഫാഫ് ഡുപല്‍ിസ് ചുംബിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഒരിടത്തും വംശീയ വിദ്വേഷം ഇല്ലെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരങ്ങള്‍ നടന്ന എല്ലാ വേദിയിലും ആതിഥേയരായ ദക്ഷിണാഫ്രിക്ക പരമാവധി ശ്രമിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ട്രാന്‍സ്ഫോര്‍മേഷന്‍ പോളിസി അനുസരിച്ച് ഏറ്റവും കുറഞ്ഞത് രണ്ടു കറുത്ത വര്‍ഗ്ഗക്കാരന്‍ ടീമില്‍ ഉണ്ടായിരിക്കണം. എല്ലാ കളിയിലും ഇത് പാലിക്കാന്‍ കഴിയാറില്ലെങ്കിലും ഒരു സീസണിലെ മൊത്തം കളികളും കണക്കുകൂട്ടുമ്പോള്‍ ഇക്കാര്യത്തില്‍ ശരാശരിയെങ്കിലും പാലിക്കേണ്ടതുണ്ട്.