സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

0
38

ന്യൂഡല്‍ഹി: സുപ്രീംകോടതി,ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. ജനുവരി 27 ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ഉത്തരവ് പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 2.80 ലക്ഷം രൂപ ശമ്പളം ലഭിക്കും. ചീഫ് ജസ്റ്റിസിന്റെ നിലവിലെ ശമ്പളം ഒരുലക്ഷമാണ്.

2.80 ലക്ഷം മാസ ശമ്പളത്തിന് പുറമെ ഔദ്യോഗിക വസതി, കാര്‍, ഓഫീസ് ജീവനക്കാര്‍, മറ്റ് അലവന്‍സുകള്‍ എന്നിവയും ചീഫ് ജസ്റ്റിസിന് ലഭിക്കും. സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ക്കും ശമ്പളം നിലവിലുള്ള 90,000 രൂപയില്‍ നിന്ന് 2.50 ലക്ഷമാക്കി ഉയര്‍ത്തി. ഇതിനു പുറമെ ഇവര്‍ക്ക് കാബിനറ്റ് സെക്രട്ടറിമാര്‍ക്ക് തുല്യമായ അലവന്‍സുകളും ആനുകൂല്യങ്ങളും ലഭിക്കും.

ഗസറ്റ് വിജ്ഞാപന പ്രകാരം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ശമ്പളം 2.25 ലക്ഷമാക്കി. നിലവില്‍ ഇത് 80,000 രൂപയാണ്. പുതുക്കിയ ശമ്പളം 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കുമെന്നും ഗസറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.