സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സുകാര്‍ണോയ്ക്ക് വീണ്ടും തിരിച്ചടി; സെന്‍കുമാറും നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന് സൂചന

0
59

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ പരാതിയുമായി സുപ്രീം കോടതിയില്‍ പോയി തിരിച്ചടി നേരിട്ട സിപിഎം നേതാവ് സുകാര്‍ണോ കൂടുതല്‍ നിയമകുരുക്കുകളില്‍ അകപ്പെടാന്‍ സാധ്യത. സുകാര്‍ണോയുടെ ഹര്‍ജി തള്ളുകയും സുകാര്‍ണോയ്ക്ക് സുപ്രീംകോടതി 25000 രൂപ പിഴശിക്ഷ വിധിക്കുകയും ചെയ്തതോടെയാണ് സുകാര്‍ണോയും നിയമ നടപടികള്‍ കുരുങ്ങാന്‍ സാധ്യത തെളിയുന്നത്.

തനിക്കെതിരെ വ്യാജ പരാതി നല്‍കുകയും തന്റ്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുകയും ചെയ്തതിന്റെ പേരില്‍ സുകാര്‍ണോയ്ക്കെതിരെ സെന്‍കുമാറും മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നിയമനടപടിക്ക് ഒരുങ്ങുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത്.

സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ശമ്പളവും ആനുകൂല്യങ്ങളും നേടി, കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കെ വായ്പ അനുവദിച്ചതില്‍ ക്രമക്കേട് നടത്തി എന്നീ ആരോപണങ്ങള്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ച സുകാര്‍ണോയുടെ ഹര്‍ജി സുപ്രീംകോടതി തള്ളുകയും സുകാര്‍ണോയ്ക്ക് 25000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

സുപ്രീംകോടതി കൂടി വിധി വന്നതോടെയാണ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രശ്നത്തില്‍ സെന്‍കുമാറും നിയമ നടപടി സ്വീകരിക്കാന്‍ അരങ്ങൊരുങ്ങുന്നത്. . കാരണം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കേസ്, കെടിഡിഎഫ്സി വായ്പാ ക്രമക്കേട് എന്നീ പരാതികള്‍ കേരളാ അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണല്‍ അംഗമാകാതിരിക്കാന്‍ വേണ്ടി തനിക്കെതിരെ കുത്തിപ്പൊക്കിയ കേസുകള്‍ എന്ന രീതിയിലാണ് ഈ കേസുകളെ സെന്‍കുമാര്‍ കാണുന്നത്.

അതുകൊണ്ട് തന്നെയാണ് ഈ കേസുകളില്‍ തനിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ നിയമനടപടികള്‍ക്ക് സെന്‍കുമാറും ഒരുങ്ങുന്നത്. ഇത് രണ്ടാം തവണയാണ് സെന്‍കുമാര്‍ കേസുകളില്‍ സുപ്രീം കോടതി പിഴ ശിക്ഷ വിധിക്കുന്നത്.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സെന്‍കുമാറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍  സര്‍ക്കാര്‍ വൈകിയപ്പോള്‍ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോയോട് പിഴയായി  25000 രൂപ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സെന്‍കുമാറിനെ ഡിജിപിയായി വീണ്ടും നിയമിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.

പുനപ്പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളുകയും പിഴ എന്ന രീതിയില്‍ 25,000 രൂപ സര്‍ക്കാര്‍ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇടത് സര്‍ക്കാരിനു കനത്ത തിരിച്ചടിയായിരുന്നു സുപ്രീംകോടതിയുടെ പിഴ വിധിക്കല്‍.

അന്ന് മാപ്പ് നല്‍കിയാണ്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് തലയൂരിയത്. സെന്‍കുമാറിനെ ഉടന്‍ തന്നെ ഡിജിപിയായി നിയമിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ്  ഇപ്പോള്‍ സെന്‍കുമാറിനെതിരെ ഹര്‍ജിയുമായി പോയ സുകാര്‍ണോയ്ക്ക് സുപ്രീംകോടതി കോടതി സമയം വെറുതെ മിനക്കെടുത്തി എന്ന് നിരീക്ഷിച്ച് 25000 രൂപ പിഴ വിധിച്ചത്.ഒപ്പം ഹര്‍ജി തള്ളുകയും ചെയ്തു. രണ്ടു കേസിലും ഒരേ തുക തന്നെയാണ് പിഴയായി  വിധിച്ചത് എന്നതും യാദൃശ്ചികതയായി മാറുന്നു.