സൗജന്യ ചികിത്സാ പദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു

0
50

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ചികിത്സാ പദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കാരുണ്യ, ആര്‍എസ്ബിവൈ, ഇഎസ്ഐ അടക്കമുള്ള പദ്ധതികളാണ് നിര്‍ത്തലാക്കുന്നത്. നൂറ് കോടിയലധികം രൂപ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയതായും ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതികളില്‍ ചികിത്സ ലഭ്യമാകില്ലെന്നും മാനേജ്മെന്റുകള്‍ വ്യക്തമാക്കി. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റേതാണ് തീരുമാനം.

ആയിരത്തോളം സ്വകാര്യ ആശുപത്രികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ചികിത്സാ പദ്ധകളില്‍ നിന്ന് ഏപ്രില്‍ ഒന്നു മുതല്‍ പിന്മാറുന്നത്. കാരുണ്യ, ആര്‍എസ്ബിവൈ, സ്‌നേഹ സ്പര്‍ശം പദ്ധികളില്‍ മാത്രം 100 കോടിയിലധികം രൂപയുടെ കുടിശികയാണ് നല്‍കാനുള്ളത്. ആറ് മാസത്തിലധികമായി ഇഎസ്‌ഐയില്‍ പണം ലഭിച്ചിട്ട്. ജിഎസ്ടി നിലവില്‍ വന്നതോടെ ആശുപത്രി നടത്തിപ്പിന്റെ ചെലവും വര്‍ധിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്കുള്ള ജിഎസ്ടിക്ക് ഇളവ് അനുവദിക്കാന്‍ തയാറാകാത്തതാണ് തിരിച്ചടിയായത്. ഇതോടൊപ്പം നഴ്‌സുമാരുടെ ശമ്പള വര്‍ധനവുമെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തീരുമാനിച്ചത്.

കാരുണ്യ ചികിത്സാപദ്ധതി നിലവില്‍ വന്നതോടെ അവയവമാറ്റ ശസ്ത്രക്രിയകള്‍ പോലുള്ള അതിസങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് നിര്‍ധന രോഗികള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. ഇഎസ്‌ഐ ആനുകൂല്യമുള്ളവരുടേയും പ്രധാന ആശ്രയം സ്വകാര്യ ആശുപത്രികള്‍ തന്നെ. സൗജന്യ ചികിത്സാ പദ്ധതികളില്‍ സര്‍ക്കാര്‍ വരുത്തിയ കുടിശിക മാര്‍ച്ച് 31-നകം തന്ന് തീര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.