ഹജ്ജ് സബ്‌സിഡി: കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

0
43

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദേശം. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഹജ്ജിന് അപേക്ഷിച്ച 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വിവരങ്ങള്‍ കൈമാറാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് 70000ല്‍ പരം ആളുകള്‍ ഹജ്ജിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ബീഹാര്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറവാണ്. അവിടെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകള്‍ അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയെ ബോധിപ്പിച്ചു. നിയമത്തിന് മുന്നില്‍ തുല്യതക്കുള്ള അവകാശം അനുവദിച്ചുനല്‍കുന്ന ഭരണഘടനയുടെ 14ാം വകുപ്പിന് വിരുദ്ധമാണ് കേരളത്തിന്റെ വാദം എന്ന് സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.കേസ് അടുത്ത മാസം 19ന് കോടതി വീണ്ടും പരിഗണിക്കും.